ബിനോയിക്കെതിരായ കേസ്: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് വി.മുരളീധരന്റെ പരാതി

സിപിഎം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയിക്കെതിരായ പരാതി കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണമെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം വി മുരളീധരന്‍. ഇക്കാര്യമാവശ്യപ്പെട്ട് മുരളീധരന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് പരാതി നല്‍കി.

പത്ത് കോടിയോളം രൂപ ഒരു സ്വകാര്യ കമ്ബനി ഒരാള്‍ക്ക് കടംകൊടുക്കണമെങ്കില്‍ അയാളുടെ ആസ്തി അതിന്റെ എത്രയെങ്കിലും ഇരട്ടി മടങ്ങായിരിക്കും. ഈ ആസ്തി ബിനോയ്ക്ക് എവിടെനിന്നാണുണ്ടായത്. ഇവര്‍ നടത്തിയ ഇടപാടുകളെല്ലാം കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തര മന്ത്രിയായിരുന്നപ്പോഴുള്ളതാണ്. അക്കാലത്ത് എന്ത് ബിസിനസ് നടത്താനാണ് ബിനീഷ് പണം കടംവാങ്ങിയത്.

മക്കളാണ് ബിസിനസ് നടത്തുന്നതെങ്കിലും കോടിയേരിയുടെ രാഷ്ട്രീയവും ഭരണപരവുമായ തണലിലാണ് അവര്‍ ഇതെല്ലാം ചെയ്യുന്നത്. കോടിയേരിയുടെ മക്കള്‍ ആഴ്ചതോറും വിദേശത്തേക്ക് വിമാനത്തിലെ ആഡംബര ക്ലാസിലാണ് യാത്ര ചെയ്യുന്നത്. ഇത്രയും വലിയ എന്ത് ബിസിനസാണ് ഇവര്‍ അവിടെ നടത്തുന്നത്. ഈ ബിസിനസുകളില്‍ ഇവര്‍ക്കുള്ള നിക്ഷേപവും വരുമാനവും എന്താണ്. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി ഒരു വര്‍ഷം മുമ്ബ് വിജിലന്‍സിന് പരാതി നല്‍കിയിരുന്നതാണ്.

കോടിയേരിയുടെ കുടുംബത്തിന്റെ സ്‌പെയര്‍പാര്‍ട്‌സ് വില്‍പന ശൃംഘലയും ഭൂമിയിടപാടും റിയല്‍ എസ്‌റ്റേറ്റ് ബന്ധങ്ങളും സംബന്ധിച്ച് തെളിവില്ലെന്നു പറഞ്ഞാണ് വിജിലന്‍സ് പരാതി നിരസിച്ചത്. ഈ സാഹചര്യത്തില്‍ കേന്ദ്ര ഏജന്‍സികള്‍ ഇക്കാര്യങ്ങളില്‍ സമഗ്ര അന്വേഷണം നടത്തുകയാണ് വേണ്ടതെന്നും വി മുരളീധരന്‍ പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *