വടകര
ഇടതുപക്ഷത്തെ പരാജയപ്പെടുത്താന്‍ ബിജെപി വോട്ട‌് യുഡിഎഫിന‌് മറിച്ചു നല്‍കണമെന്ന‌് സ്വാമി ചിദാനന്ദപുരി. സംസ്ഥാനത്ത‌് പതിനെട്ട‌് മണ്ഡലങ്ങളില്‍ യുഡിഎഫ‌് സ്ഥാനാര്‍ഥികള്‍ക്ക‌് ബിജെപി വോട്ട‌് നല്‍കണമെന്നാണ‌് ആഹ്വാനം. ആര്‍എസ‌്‌എസ‌് നേതൃത്വത്തിലുള്ള ശബരിമല കര്‍മസമിതിയുടെ രക്ഷാധികാരിയാണ‌് ചിദാനന്ദപുരി. കോഴിക്കോട‌് കൊളത്തൂരിലെ അദ്വൈതാശ്രമം അധിപനായ ചിദാനന്ദപുരി സംഘപരിവാര്‍–ബിജെപി നേതൃത്വവുമായി അടുപ്പമുള്ള ആളാണ‌്. ശബരിമല സ‌്‌ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രിംകോടതി വിധിയില്‍ എല്‍ഡിഎഫ‌് സര്‍ക്കാരിനെതിരായി ‘ഹിന്ദുവികാര’മഴിച്ചുവിടാനും നാമജപ സമരമടക്കമുള്ളവയ‌്ക്കും സജീവമായി നേതൃനിരയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട‌്.
ടൈംസ‌് ഓഫ‌് ഇന്ത്യക്കനുവദിച്ച അഭിമുഖത്തിലാണ‌് എല്‍ഡിഎഫിനെ തോല്‍പ്പിക്കാന്‍ ബിജെപിക്കാര്‍ കോണ്‍ഗ്രസിന‌് വോട്ട‌് ചെയ്യണമെന്ന‌് ആഹ്വാനം. കെ സുധാകരനെപ്പോലുള്ള കോണ്‍ഗ്രസ‌് നേതാക്കള്‍ ശബരിമലസമരത്തില്‍ നല്‍കിയ സേവനങ്ങള്‍ മറക്കാനാകില്ലെന്ന‌് പറഞ്ഞ‌് പ്രത്യക്ഷത്തില്‍ ആര്‍എസ‌്‌എസ‌് –ബിജെപി അണികള്‍ക്ക‌് വോട്ട‌് അട്ടിമറിക്കാനുള്ള സന്ദേശമാണ‌് നല്‍കിയിരിക്കുന്നത‌്.
ബിജെപി യുഡിഎഫുമായി അടവുപരമായ സഖ്യമുണ്ടാക്കി എല്‍ഡിഎഫിന്റെ തോല്‍വി ഉറപ്പാക്കണമെന്നാണ‌് ചിദാനന്ദപുരി പറയുന്നത‌്. 20 സീറ്റില്‍ ജയിക്കാന്‍ ബിജെപിക്കാവില്ല. അതിനാല്‍ സാഹചര്യം മനസ്സിലാക്കി ഹിന്ദുവോട്ട‌് പ്രായോഗികമായി വിനിയോഗിക്കാന്‍ ബിജെപി തയ്യാറാകണമെന്നും പറയുന്നു. ബിജെപിക്ക‌് ജയസാധ്യതയുള്ള മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ‌്, മുസ്ലിംലീഗ‌്, കേരളാ കോണ്‍ഗ്രസ‌് എന്നീ കക്ഷികളേതായാലും അതിന്റെ പിന്തുണതേടണം. മറ്റു സീറ്റുകളില്‍ യുഡിഎഫിനെയും പിന്തുണക്കണമെന്ന‌് ബിജെപി നേതൃത്വത്തെ ഉപദേശിക്കുന്നുമുണ്ട‌്. ശബരിമല വിഷയം എല്‍ഡിഎഫ‌് സര്‍ക്കാരിനെ അടിക്കാനുള്ള ആയുധമായി വോട്ട‌് രേഖപ്പെടുത്തണമെന്നും ആര്‍എസ‌്‌എസിന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരനായറിയപ്പെടുന്ന ചിദാനന്ദപുരി പറയുന്നു. താന്‍ ബിജെപിക്കാരനല്ലെങ്കിലും തന്റെ അഭിപ്രായം രാഷ‌്ട്രീയ കക്ഷികളെ സ്വാധീനിക്കുമെന്നും ശരിയായ തീരുമാനത്തിന‌് വഴികാട്ടിയാകുമെന്നുമുള്ള ആത്മവിശ്വാസവും പ്രകടിപ്പിച്ചിട്ടുണ്ട‌്.
സംസ്ഥാനത്തെ സംഘപരിവാരത്തിലും ബിജെപിയിലും അവഗണിക്കാനാവാത്ത സ്വാധീനശേഷിയുള്ള ചിദാനന്ദപുരിയുടെ വാക്കുകള്‍ കേരളത്തില്‍ എല്‍ഡിഎഫിനെതിരെ വിപുലമായ കോ–ലീ–ബി മുന്നണി ഇത്തവണ രംഗത്തുണ്ടെന്നതിന്റെ സൂചനയാണ‌്. അഭിമുഖത്തിലൊരിടത്തും ചിദാനന്ദപുരി കോണ്‍ഗ്രസിനെ വിമര്‍ശിച്ചിട്ടില്ലെന്നതും ശ്രദ്ധേയം.












