ബിജെപി തന്ത്രം ഫലിച്ചില്ല; അഹമ്മദ് പട്ടേല്‍ രാജ്യസഭയിലേക്ക്; അമിത് ഷായ്ക്കും സ്മൃതി ഇറാനിക്കും ജയം

രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്ക് വിരാമമിട്ട് 44 എംഎല്‍എമാരുടെ പിന്തുണയോടെ അഹമ്മദ് പട്ടേല്‍ രാജ്യസഭയിലേക്ക്. മുതിര്‍ന്ന നേതാവും സോണിയ ഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറിയുമായ അഹമ്മദ് പട്ടേnലിന്റെ ജയം ദേശീയതലത്തില്‍തന്നെ കോണ്‍ഗ്രസിനു വലിയ പോരാട്ടത്തിനു ശക്തിപകരും. മുന്‍ കോണ്‍ഗ്രസുകാരന്‍ കൂടിയായ ബല്‍വന്ത്‌സിങ് രാജ്പുത്തിനെയാണു അഹമ്മദ് പട്ടേല്‍ പരാജയപ്പെടുത്തിയത്. ദേശീയ അധ്യക്ഷന്‍ അമിത് ഷാ, കേന്ദ്രമന്ത്രി സ്മൃതി ഇറാനി എന്നിവരാണ് വിജയിച്ച ബിജെപി സ്ഥാനാര്‍ഥികള്‍. രാജ്യത്തെ എട്ടു മണിക്കൂറോളം മുള്‍മുനയില്‍ നിര്‍ത്തിയ നാടകീയ -രാഷ്ട്രീയ നീക്കങ്ങള്‍ക്കൊടുവില്‍ ബുധനാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് ഫലപ്രഖ്യാപനമുണ്ടായത്. തിരഞ്ഞെടുപ്പു കമ്മിഷന്‍ തീരുമാനവും സ്വന്തം പാളയത്തിലെ വോട്ടു ചോര്‍ച്ചയും ബിജെപിക്കു വലിയ ആഘാതമായി.

ചൊവ്വാഴ്ച വൈകീട്ട് അഞ്ച് മണിക്കു തുടങ്ങേണ്ടിയിരുന്ന വോട്ടെണ്ണല്‍ 45 മിനിറ്റോളം വൈകിയാണ് ആരംഭിച്ചത്. പിന്നീട്, പലതവണ നിര്‍ത്തിവയ്‌ക്കേണ്ടിയുംവന്നു. രണ്ട് വിമത എംഎല്‍എമാരുടെ വോട്ടുകള്‍ റദ്ദാക്കണമെന്ന കോണ്‍ഗ്രസിന്റെ പരാതി വന്നതോടെയാണ് വോട്ടെണ്ണല്‍ നിര്‍ത്തിവച്ചത്. രണ്ട് എംഎല്‍മാര്‍ വോട്ടു ചെയ്തശേഷം അമിത് ഷായെ ബാലറ്റ് പേപ്പര്‍ കാണിച്ചെന്നായിരുന്നു കോണ്‍ഗ്രസിന്റെ ആരോപണം. പരാതിയുമായി നേതാക്കള്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചതോടെ ശ്രദ്ധാകേന്ദ്രം ഗുജറാത്തില്‍നിന്നു ഡല്‍ഹിയിലേക്കു മാറി.

കോണ്‍ഗ്രസിന്റെ ദേശീയ നേതാക്കളും ബിജെപിയുടെ കേന്ദ്രമന്ത്രിമാരും തിരഞ്ഞെടുപ്പു കമ്മിഷനെ കാണാന്‍ നേരിട്ടെത്തി. നാടകീയ നീക്കങ്ങളുടെ മണിക്കൂറുകള്‍ പിന്നിട്ടപ്പോള്‍ കോണ്‍ഗ്രസിന്റെ പരാതി അംഗീകരിച്ചതായി തിര!!ഞ്ഞെടുപ്പ് കമ്മിഷന്റെ അറിയിപ്പുവന്നു. തുടര്‍ന്നു വോട്ടെണ്ണല്‍ പുനരാരംഭിച്ചെങ്കിലും കോണ്‍ഗ്രസിന്റെ അതേ പരാതിയുമായി ബിജെപിയും മറുനീക്കത്തിനു മരുന്നിട്ടു. വീണ്ടും വോട്ടെണ്ണല്‍ നിലച്ചു. പരാതി പരിശോധിച്ചശേഷം വോട്ടെണ്ണല്‍ തുടരാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ അനുമതി നല്‍കിയതോടെയാണ് ഫലപ്രഖ്യാപനത്തിനു വഴിതെളിഞ്ഞത്.

രണ്ടു വോട്ടുകള്‍ അസാധുവായതോടെ ഒരു സ്ഥാനാര്‍ഥിക്കു ജയിക്കാന്‍ വേണ്ട കുറഞ്ഞ വോട്ട് 44 ആയി. നേരത്തേ 45 ആയിരുന്നു. 43 കോണ്‍ഗ്രസ് എംഎല്‍എമാരുടെയും എന്‍സിപി, ജെഡിയു എന്നിവയുടെ ഓരോ എംഎല്‍എമാരുടെയും ഒരു ബിജെപി വിമതന്റെയും അടക്കം 46 വോട്ടു കിട്ടുമെന്നു പ്രതീക്ഷിച്ച അഹമ്മദ് പട്ടേലിനു പക്ഷേ, കൃത്യം 44 വോട്ടേ കിട്ടിയുള്ളൂ. ബിജെപി വിമത എംഎല്‍എ നളിന്‍ഭായ് കൊതാഡിയ അഹമ്മദ് പട്ടേലിനു വോട്ടുചെയ്തതായി സമൂഹമാധ്യമത്തിലൂടെ അറിയിച്ചിരുന്നു. ശങ്കര്‍സിങ് വഗേല ഉള്‍പ്പെടെ മുതിര്‍ന്ന നേതാക്കളടക്കം വിട്ടുപോയതിനെത്തുടര്‍ന്നു ക്ഷീണത്തിലായ ഗുജറാത്തിലെ കോണ്‍ഗ്രസിനു വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ചെറുതല്ലാത്ത ആത്മവിശ്വാസമാണു പട്ടേലിന്റെ വിജയം സമ്മാനിച്ചത്. സോണിയാ ഗാന്ധിയുടെ രാഷ്ട്രീയ വിജയം കൂടിയാണിത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *