ബിജെപി ആശയങ്ങളെ ഗുണ്ടായിസം കൊണ്ട് നേരിടുന്നു-ശശി തരൂര്‍


ബി.ജെ.പി ആശയങ്ങളെ ഗുണ്ടായിസം കൊണ്ടാണ് നേരിടുന്നതെന്ന് കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍. ജനപ്രതിനിധികളെയും ബിജെപിക്കെതിരേ സംസാരിക്കുന്നവരെയും നിശബ്ദരാക്കാനാണ് ബിജെപി ഇത്തരം പ്രതിഷേധ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതെന്ന് ശശി തരൂര്‍ കുറ്റപ്പെടുത്തി.


ഹിന്ദു പാകിസ്താന്‍ എന്ന പ്രയോഗത്തിലൂടെ താന്‍ പാകിസ്താനെ പ്രകീര്‍ത്തിക്കുകയല്ല ചെയ്തത്. മറിച്ച്‌ പാകിസ്താന്‍ ഒരു മതത്തിന്റെ തത്വങ്ങള്‍ക്കനുസരിച്ച്‌ പ്രവര്‍ത്തിക്കുന്ന രാജ്യമാണ്. ഹിന്ദു രാഷ്ട്രമാക്കുന്നതിലൂടെ ഇന്ത്യയും അങ്ങനെയാകുമെന്നാണ് താന്‍ പറഞ്ഞത്. ഈ അഭിപ്രായത്തില്‍ താന്‍ ഉറച്ചു നില്‍ക്കുന്നതായും അദ്ദേഹം പറഞ്ഞു.


ഇന്ത്യ ഹിന്ദു രാഷ്ട്രമാക്കുമെന്ന ബിജെപിയുടെ പ്രഖ്യാപനത്തെ കുറിച്ച്‌ ചോദിക്കുമ്ബോള്‍ അവര്‍ മൗലം പാലിക്കുകയാണ്. എന്നാല്‍, ഹിന്ദു രാഷ്ട്രമാണ് ലക്ഷ്യമെന്നും അതിനായാണ് പ്രവര്‍ത്തിക്കുന്നതെന്നും ആര്‍എസ്‌എസ് മേധാവി സമ്മതിക്കുന്നുണ്ട്. ഇത് ഞാന്‍ പറഞ്ഞപ്പോള്‍ ബിജെപിക്കാര്‍ തന്നെ വിമര്‍ശിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തിങ്കളാഴ്ച ബി.ജെ.പി തരൂരിന്റെ ഓഫീസ് ആക്രമിച്ച്‌ കരിയോയില്‍ പ്രയോഗം നടത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് തരൂരിന്റെ ഈ അഭിപ്രായ പ്രകടനം.

സാധാരണക്കാരെയും നിവേദനം നല്‍കാനെത്തിയവരെയും ഓഫീസ് പരിസരത്ത്നിന്ന് ഓടിച്ചുവിടുകയും ഈ പരിസരത്ത് പരിഭ്രാന്തി പരത്തുകയും ചെയ്തായിരുന്നു ബിജെപി പ്രവര്‍ത്തകുടെ ആക്രമണം. ആശയങ്ങളെ ആശയങ്ങള്‍ കൊണ്ട് നേരിടുന്നതിന് പകരം ഗുണ്ടായിസമാണ് ബിജെപി നടത്തുന്നതെന്നും തരൂര്‍ കുറ്റപ്പെടുത്തി.

നമ്മുടെ രാജ്യത്ത് ഹിന്ദു എന്ന വാക്ക് ഉപയോഗിക്കാന്‍ ബിജെപിക്കാര്‍ക്ക് മാത്രമാണോ അവകാശമെന്നും അദ്ദേഹം ചോദിച്ചു. ഇത്തരം ആളുകളില്‍ നിന്ന് ഇന്ത്യയുടെ ബഹുസ്വരതയും മതേതരത്വവും സംരക്ഷിക്കപ്പെടണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.



Sharing is Caring