ബിജെപിയില്‍ കുമ്മനം വിഭാഗം പിടിമുറുക്കുന്നു; കെ സുരേന്ദ്രനെ ഒഴിവാക്കി

തിരുവനന്തപുരം: ബി.ജെ.പി. സംസ്ഥാന നേതൃത്വത്തില്‍ കുമ്മനം രാജശേഖരനെ അനുകൂലിക്കുന്ന വിഭാഗം പിടിമുറുക്കുന്നു. കുമ്മനത്തിനെതിരെ അടുത്തിടെ ആരോപണങ്ങള്‍ ഉയര്‍ന്നുന്നെങ്കിലും ആലപ്പുഴയില്‍ സമാപിച്ച സംസ്ഥാനസമിതി യോഗത്തില്‍ കുമ്മനത്തെ അനുകൂലിക്കുന്നവര്‍ വര്‍ധിച്ചു.

പാര്‍ട്ടിയുടെ വിവിധ മോര്‍ച്ചകളുടെയും ജില്ലാകമ്മിറ്റികളുടെയും ചുമതലകള്‍ പുതുക്കി നിശ്ചയിച്ചപ്പോള്‍ സംസ്ഥാന അധ്യക്ഷനെ അനുകൂലിക്കുന്നവര്‍ക്കാണ് മേല്‍ക്കൈ.

യുവമോര്‍ച്ചയുടെ ചുമതലയില്‍നിന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനെ ഒഴിവാക്കി പകരം അഴിമതി ആരോപണ വിധേയനായ എം.ടി. രമേശിനെ നിയോഗിച്ചു.

പാര്‍ട്ടി ആസ്ഥാനമുള്‍പ്പെടുന്ന ദക്ഷിണമേഖലയുടെ ചുമതലയുമുണ്ടായിരുന്ന കെ. സുരേന്ദ്രനെ വടക്കന്‍ മേഖലയിലേക്കുമാറ്റി. കര്‍ഷക മോര്‍ച്ചയുടെ ചുമതലയാണ് സുരേന്ദ്രന് പുതുതായി നല്‍കിയത്.

കുമ്മനത്തിന് ഏറ്റവും വിശ്വസ്തനായ വ്യക്തിയായി കണക്കാക്കപ്പെടുന്ന രമേശിനൊപ്പമാണ് പാര്‍ട്ടി എന്ന് ഉറപ്പിക്കുന്നതാണ് സംഘടനാച്ചുമതലയിലെ മാറ്റങ്ങള്‍.
ജനരക്ഷായാത്രയ്ക്ക് മൂന്നുദിവസം മുമ്പാണ് പാര്‍ട്ടി ട്രഷറര്‍ പ്രതാപചന്ദ്രവര്‍മയെ മാറ്റി ശ്യാംകുമാറിനെ നിയമിച്ചത്. അടിയന്തരമായി ട്രഷററെ മാറ്റിയതെന്തിനെന്ന ചോദ്യമുയര്‍ന്നിട്ടുണ്ടെങ്കിലും നേതൃത്വം മറുപടി നല്‍കിയിട്ടില്ല.
ജനരക്ഷായാത്രയുമായി ബന്ധപ്പെട്ട വിവാദങ്ങളും വേങ്ങര ഉപതിരഞ്ഞെടുപ്പിലെ മോശം പ്രകടനവും സംസ്ഥാന സമിതിയോഗത്തില്‍ വിമര്‍ശനത്തിന് കാരണമായെങ്കിലും കേന്ദ്രനേതൃത്വം സംസ്ഥാന നേതൃത്വത്തിനൊപ്പമാണെന്നാണ് അഴിച്ചുപണി വെളിപ്പെടുത്തുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *