ബാര്‍ കേസില്‍ മാണിയെ സംരക്ഷിച്ചിട്ടേയുള്ളൂ എന്ന് ചെന്നിത്തല

കേരള കോണ്‍ഗ്രസ് യുഡിഎഫ് വിട്ടത് കാരണം പറയാതെയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല പത്ര സമ്മേളനത്തില്‍ പറഞ്ഞു. ബാര്‍ കോഴ കേസില്‍ വിജിലന്‍സ് അന്വേഷണം തടയാന്‍ മന്ത്രിയെന്ന നിലയില്‍ കഴിയുമായിരുന്നില്ല. കേസിന്റെ എല്ലാ ഘട്ടത്തിലും മാണിയെ സംരക്ഷിക്കുന്ന സമീപനമാണ് കോണ്‍ഗ്രസ്സും യുഡിഎഫും സ്വീകരിച്ചത്.

കെ ബാബുവിനും കെ എം മാണിക്കുമെതിരായ കേസുകള്‍ വ്യത്യസ്തമായിരുന്നു. മാണിയുടെ കേസ് പരിഗണിച്ചപ്പോള്‍ സാക്ഷികള്‍ മൊഴി നല്‍കിയില്ല. അതുകൊണ്ടാണ് എഫ്ഐആര്‍ എടുത്തത്. എന്നാല്‍ ബാബുവിന്റെ കേസില്‍ ആരോപണം നിഷേധിച്ച് സാക്ഷികള്‍ മൊഴി നല്‍കി. അതുകൊണ്ടാണ് കേസ് എടുക്കാതിരുന്നത്. എന്നാല്‍ ബാര്‍ കേസില്‍ മാണി നിരപരാധിയാണെന്ന നിലപാടാണ് താന്‍ എടുത്തത്. വിജിലന്‍സ് അന്വേഷിച്ച് മാണിയെ കുറ്റവിമുക്തനാക്കുകയും ചെയ്തു. ഇതില്‍ താന്‍ ഒരു തെറ്റും ചെയ്തിട്ടില്ല. മാണി ആ കേസില്‍ നിര്‍ദോഷിയാണെന്നാണ് അഭിപ്രായം.

പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് നടുവില്‍ കോണ്‍ഗ്രസ് എംഎല്‍എമാരടക്കമുള്ളവര്‍ നെഞ്ച് കൊടുത്താണ് മാണിയ്ക്ക് ബജറ്റ് അവതരിപ്പിക്കാന്‍ അവസരം നല്‍കിയത്.യുഡിഎഫ് ഒരു ഘട്ടത്തിലും മാണിയെ തള്ളിപ്പറഞ്ഞിട്ടില്ല.

ഈ സാഹചര്യത്തില്‍ ദുര്‍ബലമായ കാരണങ്ങള്‍ പറഞ്ഞ് മാണി യുഡിഎഫ് വിട്ടത് ശരിയായില്ല.

കേരള കോണ്‍ഗ്രസ് മത്സരിച്ച മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് കാലുവാരിയെന്ന ആരോപണം അടിസ്ഥാന രഹിതമാണ്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം കിട്ടിയത് പി ജെ ജോസഫിനാണെന്ന് ചെന്നിത്തല ചൂണ്ടിക്കാട്ടി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *