ബാബുവിന്റെ മൂത്ത മകളുടെ ആസ്തി വിജിലന്‍സ് പരിശോധിക്കുന്നു


മുന്‍ മന്ത്രി കെ.ബാബുവിനെതിരായ കേസില്‍ വിജിലന്‍സ് പരിശോധന തുടരുന്നു. ബാബുവിന്റെ മൂത്ത മകള്‍ ആതിരയുടെയും ഭര്‍ത്താവിന്റെയും പേരിലുള്ള ലോക്കറുകള്‍ വിജിലന്‍സ് പരിശോധിക്കുന്നു. തൊടുപുഴ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിലാണ് പരിശോധന നടക്കുന്നത്.


കഴിഞ്ഞ ദിവസം ബാബുവിന്റെ ഇളയ മകള്‍ ഐശ്വര്യയുടെ പേരിലുള്ള ബാങ്ക് ലോക്കര്‍ വിജിലന്‍സ് സംഘം തുറന്ന് പരിശോധിച്ചിരുന്നു. ഇതില്‍ നിന്നും 117 പവന്റെ സ്വര്‍ണം കണ്ടെത്തിയിരുന്നു. പഞ്ചാബ് നാഷണല്‍ ബാങ്ക് പാലാരിവട്ടം വെണ്ണല ശാഖയിലെ ലോക്കറില്‍ നിന്നാണ് 117 പവന്‍ സ്വര്‍ണാഭരണങ്ങള്‍ പിടിച്ചെടുത്തത്. അധികം പഴക്കമില്ലാത്ത ഇവ സ്ത്രീധനമായി ബാബു നല്‍കിയതാണെന്ന് കരുതുന്നു. അനധികൃത സ്വത്ത് സമ്പാദനത്തിനുള്ള പ്രധാന തെളിവുകളിലൊന്നായി ഇത് മാറും.


പരിശോധന നടക്കുമ്പോള്‍ ഐശ്വര്യയുടെ ഭര്‍ത്താവ് വിപിനും ബാങ്കിലുണ്ടായിരുന്നു. സ്വര്‍ണാഭരണങ്ങള്‍ ലോക്കറില്‍ തന്നെ സീല്‍ ചെയ്തു. അതിനിടെ ബാബുവിന്റെയും അടുത്ത ബന്ധുക്കളുടെയും വീടുകളില്‍ നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്ത രേഖകള്‍ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ഇന്ന് മൂവാറ്റുപുഴ കോടതിയില്‍ ഹാജരാക്കും. തുടര്‍ന്ന് തുടരന്വേഷണത്തിന് ആവശ്യമായ രേഖകള്‍ കസ്റ്റഡിയില്‍ വാങ്ങാന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിയില്‍ അപേക്ഷ നല്‍കും.



Sharing is Caring