ബാങ്ക് പണിമുടക്ക്: ശമ്പളം വൈകും


ന്യൂഡല്‍ഹി: ശമ്പള വര്‍ധന ആവശ്യപ്പെട്ട് ബാങ്ക് ജീവനക്കാര്‍ രാജ്യവ്യാപകമായി പണിമുടക്ക് തുടങ്ങിയതോടെ വിവിധ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന ജീവനക്കാരുടെ ശമ്ബളം വൈകിയേക്കും.മാസാവസാനമായതിനാല്‍ ബാങ്ക് മുഖേനയുള്ള ശമ്പള വിതരണത്തെ പണിമുടക്ക് കാര്യമായി ബാധിക്കും. എടിഎം സേവനവും തടസ്സപ്പെടും. മെയ് 30ന് ആരംഭിച്ച സമരം 31നാണ് അവസാനിക്കുക.


21 പൊതുമേഖല ബാങ്കുകളിലെയും 12 സ്വകാര്യ മേഖല ബാങ്കുകളിലെയും ജീവനക്കാരണ് പണിമുടക്കില്‍ പങ്കെടുക്കുന്നത്. 7 വിദേശ ബാങ്കുകളിലെയും ജീവനക്കാരും പണിമുടക്ക് നടത്തുന്നുണ്ട്.പത്ത് ലക്ഷം ജീവനക്കാരും ഓഫീസര്‍മാരുമാണ് പണിമുടക്കില്‍ പങ്കെടുക്കുന്നതെന്ന് ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സിഎച്ച്‌ വെങ്കിടാചലം അറിയിച്ചു.


സേവനവേതന വ്യവസ്ഥകളുമായി ബന്ധപ്പെട്ട് നിലവിലുള്ള കരാര്‍ കാലാവധി 2017 ഒക്ടോബറില്‍ കഴിഞ്ഞുവെന്നാണ് സംഘടനകള്‍ പറയുന്നത്. സമരം ഒഴിവാക്കാന്‍ ചര്‍ച്ചകള്‍ നടന്നെങ്കിലും വിജയിച്ചില്ല.
ഇന്ത്യന്‍ ബാങ്ക് അസോസിയേഷന്‍ രണ്ടുശതമാനം വേതന വര്‍ധനമാത്രമാണ് നിര്‍ദേശിച്ചതെന്നും ഇത് അംഗീകരിക്കാനാവില്ലെന്നുമാണ് ജീവനക്കാരുടെ അസോസിയേഷനുകളുടെ നിലപാട്.

ബുധനാഴ്ച രാവിലെ ആറിന് ആരംഭിച്ച പണിമുടക്ക് വെള്ളിയാഴ്ച രാവിലെ ആറുമണിക്കാണ് അവസാനിക്കുക.
സഹകരണ ബാങ്കുകളും ഗ്രാമീണ്‍ ബാങ്കുകളും പണിമുടക്കില്‍ പങ്കെടുക്കുന്നില്ല.



Sharing is Caring