ബഹിരാകാശ സംഘടനകളുടെ പട്ടികയില്‍ ഐഎസ്‌ആര്‍ഒയ്ക്ക് സാധ്യത

ബെംഗളൂരു: ബഹിരാകാശ സംഘടനകളുടെ പട്ടികയില്‍ ഐഎസ്‌ആര്‍ഒയ്ക്ക് സാധ്യത തെളിയുന്നു. പുതുതലമുറയില്‍പ്പെട്ട ഗതിനിര്‍ണയ ഉപഗ്രഹത്തിനുള്ള ആറ്റമിക് ക്ലോക്ക് ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച്‌ ഓര്‍ഗനൈസേഷന്‍ (ഐഎസ്‌ആര്‍ഒ)തദ്ദേശീയമായി നിര്‍മ്മിച്ചതാണ് കാരണം. ആദ്യമായിട്ടാണ് ഐ എസ് ആര്‍ ഒ ആറ്റമിക് ക്ലോക്ക് നിര്‍മ്മിച്ചത്. നിലവില്‍ യൂറോപ്യന്‍ കമ്പനിയായ ആസ്ട്രിയമായിരുന്നു ഇന്ത്യയ്ക്ക് വേണ്ടി ആറ്റമിക് ക്ലോക്കുകള്‍ വികസിപ്പിച്ചിരുന്നത്.

അഹമ്മദാബാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്‌പേസ് ആപ്ലിക്കേഷന്‍ സെന്ററാണ് ക്ലോക്ക് വികസിപ്പിച്ചത്. ക്ലോക്കിന്റെ നിര്‍മ്മാണം പൂര്‍ത്തിയായതായും ഇപ്പോള്‍ ഇതിന്റെ കാര്യക്ഷമത സംബന്ധിച്ച്‌ ചില പഠനങ്ങള്‍ നടത്തുകയാണെന്നും എസ്‌എസി ഡയറക്ടര്‍ തപന്‍ മിശ്ര അറിയിച്ചു. ഇപ്പോള്‍ നടക്കുന്ന പരീക്ഷണം വിജയമായാല്‍ ക്ലോക്ക് ഉപഗ്രഹത്തില്‍ പരീക്ഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇറക്കുമതി ചെയ്തിരുന്ന ക്ലോക്കിന്റെ സാങ്കേതിക വിദ്യയും മാതൃകയും നമുക്ക് അറിയില്ല. എന്നാല്‍, നമ്മുടെ സ്വന്തം രൂപകല്പനയിലാണ് ഐഎസ്‌ആര്‍ഒയുടെ പരീക്ഷണമെന്നും തപന്‍ മിശ്ര പറഞ്ഞു. ഇന്ത്യന്‍ റീജിയണല്‍ നാവിഗേഷന്‍ സാറ്റ്‌ലൈറ്റ് സിസ്റ്റത്തിന്റെ ഭാഗമായി ഇന്ത്യ അയച്ച ഏഴ് ഉപഗ്രഹങ്ങളിലും ഇറക്കുമതി ചെയ്ത റുബിഡിയം ആറ്റമിക് ക്ലോക്കുകളാണ് ഘടിപ്പിച്ചിരിക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *