ബന്ധുനിയമന വിവാദം: മന്ത്രി ഇ.പി ജയരാജന്‍ രാജിവച്ചു


ബന്ധുനിയമന വിവാദത്തില്‍ വ്യവസായ മന്ത്രി ഇ.പി ജയരാജന്‍ രാജിവച്ചു. ജയരാജനെതിരെ വിജിലന്‍സ് പ്രാഥമിക അന്വേഷണത്തിന് ഉത്തരവിട്ട സാഹചര്യത്തിലാണ് അദ്ദേഹത്തിന്‍റെ രാജി. മുഖ്യമന്ത്രി പിണറായി വിജയന് ഇ.പി രാജിക്കത്ത് കൈമാറി. ബന്ധുനിയമന വിവാദം സര്‍ക്കാരിന്‍റെ പ്രതിച്ഛായ തകര്‍ത്തുവെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് ജയരാജന് മന്ത്രിസഭയില്‍ നിന്ന് പുറത്ത് പോകേണ്ടി വന്നത്.
കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്‍റര്‍പ്രൈസസിന്‍റെ എം.ഡി സ്ഥാനത്ത് പി.കെ ശ്രീമതി ടീച്ചറിന്‍റെ മകന്‍ സുധീര്‍ നന്പ്യാരെയും കേരള ക്ലെയ്സ് ആന്‍ഡ് സെറാമിക്സിന്‍റെ ജനറല്‍ മാനേജര്‍ സ്ഥാനത്ത് സഹോദര പുത്രന്‍റെ ഭാര്യ ദീപ്തി നിഷാദിനെ നിയമിച്ചതുമാണ് ജയരാജനെ വെട്ടിലാക്കിയത്.ബന്ധു നിയമനങ്ങള്‍ വിവാദമായതിനെ തുടര്‍ന്ന് ജയരാജനെ പാര്‍ട്ടിയും എല്‍.ഡി.എഫ് ഘടകകക്ഷികളും കൈവിടുകയായിരുന്നു.
കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂരില്‍ നിന്നുള്ള എം.എല്‍.എയാണ് ഇ.പി ജയരാജന്‍. ഇത് ആദ്യമായാണ് അദ്ദേഹം മന്ത്രിയാകുന്നത്. 1991-96ലും 2011 മുതല്‍ കഴിഞ്ഞ അഞ്ച് വര്‍ഷവും ഇ.പി എം.എല്‍.എ ആയിരുന്നു. വിദ്യാര്‍ത്ഥി യുവജന സംഘടനാ പ്രവര്‍ത്തനത്തിലൂടെ പൊതുരംഗത്ത് വന്ന ഇ.പി ഡി.വൈ.എഫ്.ഐയുടെ ആദ്യത്തെ അഖിലേന്ത്യ പ്രസിഡന്‍റ് ആണ്. പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനിയുടെ മുന്‍ ജനറല്‍ മാനേജരാണ്.




Sharing is Caring