ബത്തേരി കോഴ വിവാദം: യുവമോര്‍ച്ചയില്‍ നടപടിയും കൂട്ട രാജിയും

കൽപറ്റ: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സുൽത്താൻ ബത്തേരിയിൽ ഉയർന്ന കോഴ വിവാദത്തിൽ വയനാട് ജില്ലാ ബിജെപിയിൽ പൊട്ടിത്തെറി. യുവമോർച്ച നേതാക്കൾക്കെതിരെ സ്വീകരിച്ച നടപടിയിൽ പ്രതിഷേധിച്ച് നിരവധി ഭാരവാഹികൾ രാജിവെച്ചു.
യുവമോർച്ച ജില്ലാ പ്രസിഡന്റിനേയും മണ്ഡലം പ്രസിഡന്റിനേയും സ്ഥാനത്ത് നിന്ന് നീക്കി അച്ചടക്ക നടപടി എടുത്തിരുന്നു. യുവമോർച്ച ജില്ലാ പ്രസിഡന്റ് ദീപു പുത്തൻപുരയിലിനെ ജില്ലാ കമ്മിറ്റിയും മണ്ഡലം പ്രസിഡന്റ് ലിലിൽ കുമാറിനെ ബത്തേരി മണ്ഡലം കമ്മിറ്റിയുമാണ് തൽസ്ഥാനത്ത് നിന്ന് നീക്കിയത്.
കോഴ വിവാദത്തിൽ ആരോപണം ഉയർന്ന നേതാക്കൾക്കെതിരെ വിമർശനമുയർത്തിയിരുന്നു ഈ നേതാക്കൾ. ഇതേ തുടർന്നാണ് നടപടിയെന്നാണ് കരുതുന്നത്.
നടപടിക്ക് പിന്നാലെയാണ് കൂട്ടരാജി ഉണ്ടായത്. ബത്തേരി നഗരസഭാ കമ്മിറ്റി ഭാരവാഹികൾ രാജിവെച്ചതായും കമ്മിറ്റി പിരിച്ചുവിട്ടതായുമാണ് ഫെയ്സ്ബുക്കിലൂടെ അറിയിച്ചിട്ടുള്ളത്. വിവിധ പഞ്ചായത്ത് കമ്മിറ്റികളിലും സമാനമായി കൂട്ടരാജി ഉണ്ടായിട്ടുണ്ട്.
നേതൃത്വത്തിനെതിരെ വിമർശനങ്ങളുയർത്തി ദീപു പുത്തൻപുരയിൽ കഴിഞ്ഞ ദിവസം രാത്രി ഫെയ്സ്ബുക്കിലൂടെ രംഗത്തെത്തി. പിടിച്ചുപറിക്കപ്പെടും മുമ്പേ നിസ്സഹായനായി ഉപേക്ഷിക്കുകയാണ് എന്നു തുടങ്ങുന്നതാണ് പോസ്റ്റ്. സംഘടനയോടുള്ള കൂറും ഉത്തരവാദിത്തവും നിർവഹിച്ചിട്ടുണ്ട്. എന്നാൽ അധികാരമോഹികളുമായി സന്ധി ചെയ്യാൻ കഴിയാത്തത് കൊണ്ടാണ് വിട്ടുപോകുന്നതെന്നും ഇയാൾ കുറിച്ചു.
ബിജെപി സംഘടനാ സെക്രട്ടറി എം.ഗണേഷ് കഴിഞ്ഞ ദിവസം ജില്ലയിലെത്തി നേതാക്കളുമായി ചർച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടിയും രാജിയും

Spread the love

Leave a Reply

Your email address will not be published. Required fields are marked *