ബജറ്റില്‍ അവഗണന: ലോക്സഭയില്‍ മോദിക്കെതിരെ ആന്ധ്രാ എം.പിമാര്‍

ന്യൂഡല്‍ഹി: ബജറ്റില്‍ ആന്ധ്രയെ അവഗണിച്ചെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര സര്‍ക്കാറിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും എതിരെ ലോക്സസഭയില്‍ ബഹളം. തെലുങ്കുദേശം പാര്‍ട്ടി, വൈ.എസ്.ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടികളുടെ എം.പിമാരാണ് ബഹളം വെച്ചത്. ആന്ധ്രക്ക് നീതി കിട്ടണമെന്ന് മുദ്രാവാക്യവുമായി തെലുങ്കുദേശം, വൈ.എസ്.ആര്‍ കോണ്‍ഗ്രസ് എം.പിമാര്‍ സഭയുടെ നടുത്തളത്തില്‍ ഇറങ്ങി. രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയത്തിന് പ്രധാനമന്ത്രി മറുപടി പറയാന്‍ ആരംഭിച്ചതോടെയാണ് ആന്ധ്രാ എം.പിമാര്‍ മോദിക്കെതിരെ ആഞ്ഞടിച്ചത്.

എന്നാല്‍, കോണ്‍ഗ്രസ് ചെയ്ത പാപത്തിന്‍റെ ഫലം ഒാരോ ദിവസവും രാജ്യം അനുഭവിച്ച്‌ കൊണ്ടിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപിച്ചു. 1947ല്‍ ഇന്ത്യാ വിഭജന കാലത്തും നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു. രാജ്യത്തെ വിഭജിക്കുന്നതിനു കൂട്ടുനിന്നവരാണ് കോണ്‍ഗ്രസ്. സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ആയിരുന്നെങ്കില്‍ കശ്മീരിന്‍റെ സ്ഥിതി മറ്റൊന്നാകുമായിരുന്നു. രാജീവ് ഗാന്ധിയുടെ അപമാനത്തില്‍ മനംനൊന്താണ് എന്‍.ടി രാമറാവു തെലുങ്കുദേശം പാര്‍ട്ടി ഉണ്ടാക്കിയതെന്നും മോദി പറഞ്ഞു.

അന്ധ്രയുടെ പ്രതിസന്ധിക്ക് കാരണം കോണ്‍ഗ്രസാണ്. ആന്ധ്ര പ്രദേശിനെ രണ്ടു സംസ്ഥാനങ്ങളായി കോണ്‍ഗ്രസ് വിഭജിച്ചത് വോട്ട് ബാങ്ക് ലക്ഷ്യമിട്ടാണ്. ബി.ജെ.പി ഭരണത്തില്‍ മധ്യപ്രദേശ്, ഛത്തീസ്ഗഢ്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ വിഭജനം നടന്നിരുന്നു. അന്നത്തെ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയി പരാതിയില്ലാതെ സംസ്ഥാനങ്ങളെ വിഭജിച്ചു. എന്നാല്‍, അന്ധ്രയില്‍ പ്രശ്നങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചില്ലെന്നും മോദി പറഞ്ഞു.

നെഹ്റുവും കോണ്‍ഗ്രസുമാണ് ജനാധിപത്യം കൊണ്ടു വന്നതെന്നാണ് അവര്‍ പറയുന്നത്. ജനാധിപത്യത്തെ കുറിച്ചുള്ള പാഠങ്ങള്‍ ഒരിക്കലും കോണ്‍ഗ്രസില്‍ നിന്ന് പഠിക്കാന്‍ സാധിക്കില്ല. രാജ്യത്ത് ഒഴിച്ചു കൂടാനാകാത്ത ഒന്നാണ് ജനാധിപത്യം. ജനാധിപത്യത്തോട് അവര്‍ക്കു യാതൊരു പ്രതിബദ്ധതയുമില്ലെന്നും മോദി ആരോപിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *