നായ പ്രേമികള്‍ക്ക് തിരിച്ചടി; വീട്ടില്‍ അപകടകാരികളായ നായ്ക്കളെ വളര്‍ത്തുന്നത് തടയാന്‍ നിയമനിര്‍മ്മാണം പരിഗണനയിലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: നായ പ്രേമികള്‍ക്ക് തിരിച്ചടിയായി വീട്ടില്‍ അപകടകാരികളായ നായ്ക്കളെ വളര്‍ത്തുന്നത് തടയാന്‍ നിയമനിര്‍മ്മാണം പരിഗണനയിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍പറഞ്ഞു. കഴിഞ്ഞ ദിവസം വയനാട്ടിലെ വൈത്തിരിയില്‍ വളര്‍ത്തു നായയുടെ കടിയേറ്റു മരിച്ച രാജമ്മയുടെ കുടുംബത്തിന് 5 ലക്ഷം രൂപ ധനസഹായം നല്‍കുന്ന കാര്യവും പരിഗണനയിലാണെന്ന് അദ്ദേഹം നിയമസഭയില്‍ അറിയിച്ചു.

അന്വേഷണത്തില്‍ വളര്‍ത്തുനായ്ക്കള്‍ക്ക് നിയമപ്രകാരമുള്ള ലൈസന്‍സില്ല എന്നും നടപടിക്രമങ്ങള്‍ കൃത്യമായി പാലിച്ചിട്ടില്ല എന്നും വ്യക്തമായിട്ടുണ്ട്. നായ്ക്കളെ പൂക്കോട് വെറ്റിനറി യൂണിവേഴ്സിറ്റിയില്‍ വിശദമായ പരിശോധനക്കായി അയച്ചിട്ടുണ്ട്.രാജമ്മയുടെ കുടുംബത്തിന് അടിയന്തര ധനസഹായമായി ജില്ലാ കളക്ടര്‍ 5,000 രൂപ അനുവദിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

നായയുടെ ഉടമസ്ഥനെതിരെ നരഹത്യക്ക് കേസെടുത്തിട്ടുണ്ട്. നേരത്തെ മനഃപൂര്‍വമല്ലാത്ത നരഹത്യക്കായിരുന്നു കേസെടുത്തിരുന്നത്. കഴിഞ്ഞദിവസമാണ് വൈത്തിരിയില്‍ വളര്‍ത്തു നായയുടെ കടിയേറ്റ് രാജമ്മ മരിച്ചത്. രാവിലെ തൊഴിലുറപ്പ് ജോലിക്ക് പോകുന്ന വഴിയാണ് സ്ത്രീക്ക് നായയുടെ കടിയേറ്റത്. റോഡ് വീലര്‍ ഇനത്തില്‍പെട്ട നായയാണ് സ്ത്രീയെ ആക്രമിച്ചത്.

അക്രമോല്‍സുകത ഏറെയുള്ള വളര്‍ത്തുനായയാണു റോട്വീലര്‍. കഴിഞ്ഞ ദിവസം തമിഴ്നാട്ടിലെ ആവഡിയിലും മലയാളി വീട്ടമ്മ റോട്വീലറിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. അന്യരെ പ്രകോപനമില്ലാതെ ആക്രമിക്കുന്ന ഈ നായയുടെ സ്ഥലം അമേരിക്കയാണ്. ഒരാളെ മാത്രം അനുസരിച്ചു ജീവിക്കുന്ന ‘വണ്‍ മാസ്റ്റര്‍ ഗാര്‍ഡ്’ നായ്ക്കളുടെ ഇനത്തില്‍പ്പെട്ട ഇവയെ വളര്‍ത്തുന്നതില്‍ വിദേശ രാജ്യങ്ങളില്‍ നിയന്ത്രണങ്ങളുണ്ട്.പ്രകോപനമില്ലാതെ ആക്രമിക്കും. കടിയുടെ ശക്തി ഏറ്റവും കൂടുതലാണ്. കൂട്ടിലടച്ചു വളര്‍ത്തുന്നവയ്ക്കു ശൗര്യം കൂടും. അക്രമസ്വഭാവമുള്ളവയില്‍ നിന്നു ജനിച്ചവയും ആ സ്വഭാവം കാണിക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *