ബംഗാളിന് വേണ്ടി പ്രധാനമന്ത്രിയുടെ കാല് പിടിക്കാനും തയ്യാറാണ്; ഈ അധിക്ഷേപം നിർത്തണം-മമത

കൊൽക്കത്ത: ബംഗാളിലെ ജനങ്ങളുടെ ക്ഷേമത്തിനായി പ്രധാനമന്ത്രി കാലുപിടിക്കാൻ ആവശ്യപ്പെട്ടാൽ അതും ചെയ്യാൻ തയ്യാറാണെന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. നിയമസഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതുകൊണ്ടാണോ തങ്ങളോട് എല്ലായ്പ്പോഴും കലഹിച്ചുകൊണ്ടിരിക്കുന്നതെന്ന് ചോദിച്ച മമത തന്നെ അധിക്ഷേപിക്കരുതെന്നും ആവശ്യപ്പെട്ടു.

‘ബംഗാളിനാണ് ഞാൻ പ്രഥമപരിഗണന നൽകുന്നത്. ബംഗാളിനെ ഒരിക്കലും ഞാൻ അപകടത്തിലാക്കില്ല. ഇവിടെയുളള ജനങ്ങൾക്ക് മുഴുവൻ വേണ്ടി ഒരു കാവൽക്കാരിയായി ഞാൻ തുടരും. ബംഗാളിലെ ജനങ്ങളുടെ ക്ഷേമത്തിനായി പ്രധാനമന്ത്രി എന്നോട് കാലുപിടിക്കാൻ ആവശ്യപ്പെടുകയാണെങ്കിൽ അതുചെയ്യാനും ഞാൻ തയ്യാറാണ്. പക്ഷേ എന്നെ അധിക്ഷേപിക്കരുത്.

എനിക്ക് മറ്റൊരു യോഗത്തിൽ പങ്കെടുക്കേണ്ടതുണ്ടായിരുന്നു. പ്രധാനമന്ത്രി എന്നെ അവഹേളിച്ചു, എന്റെ പ്രതിച്ഛായ തകർക്കുന്നതിന് വേണ്ടി ട്വീറ്റുകൾ ചെയ്തു. പ്രധാനമന്ത്രിയുടെ ഓഫീസ് നൽകിയ ഒരു ഭാഗത്തുനിന്നുമാത്രമുളള വിവരം പ്രചരിപ്പിച്ചുകൊണ്ട് അവരെന്നെ അധിക്ഷേപിച്ചു. ദയവുചെയ്ത് എന്നെ അധിക്ഷേപിക്കരുത്.’ വെർച്വൽ വാർത്താസമ്മേളനത്തിൽ പങ്കെടുക്കവേ മമത പറഞ്ഞു.

യാസ് ചുഴലിക്കാറ്റ് നാശംവിതച്ച പശ്ചിമബംഗാളിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ച അവലോകനയോഗത്തിൽ പങ്കെടുക്കാതെ മുഖ്യമന്ത്രി മമതാ ബാനർജി മടങ്ങിയതിനു പിന്നാലെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തമ്മിൽ പോരുതുടങ്ങിയിരുന്നു. പ്രധാനമന്ത്രിക്കൊപ്പം കഷ്ടിച്ച് 15 മിനിറ്റ് മാത്രം ചെലവഴിച്ച മമത അദ്ദേഹത്തിന് നാശനഷ്ടം സംബന്ധിച്ച റിപ്പോർട്ട് നൽകിയശേഷം യാസ് ബാധിതപ്രദേശമായ ദിഗയിലേക്കുപോയി. ചീഫ് സെക്രട്ടറിയടക്കമുള്ള ഉദ്യോഗസ്ഥരും അവരെ അനുഗമിച്ചിരുന്നു.രാത്രിയോടെ ചീഫ് സെക്രട്ടറി ആലോപൻ ബന്ദോപാധ്യായയെ കേന്ദ്രസർവീസിലേക്ക് തിരിച്ചയക്കാൻ കേന്ദ്രസർക്കാർ ഉത്തരവിട്ടു. ഇതിന്റെ പശ്ചാത്തലത്തിലാണ് മമതയുടെ പ്രതികരണം.

എന്നെ ഇതുപോലെ അധിക്ഷേപിക്കരുത്. ഞങ്ങൾക്ക് വളരെ മികച്ച വിജയമാണ് നേടാനായത്. അതുകൊണ്ടാണോ നിങ്ങൾ ഇങ്ങനെ പെരുമാറുന്നത്? നിങ്ങൾ എല്ലാവഴിയും നോക്കി, പക്ഷേ പരാജയപ്പെട്ടു. എന്തുകൊണ്ടാണ് ഞങ്ങളോട് എന്നും കലഹിച്ചുകൊണ്ടിരിക്കുന്നത്?’ മമത ചോദിച്ചു.

പ്രധാനമന്ത്രിയുടെ യോഗത്തിൽ പങ്കെടുക്കാത്ത മുഖ്യമന്ത്രിയുടെ നടപടി ജനാധിപത്യമര്യാദകൾക്ക് നിരക്കാത്തതാണെന്ന് ഗവർണറും ബി.ജെ.പി. അധ്യക്ഷൻ ജെ.പി. നഡ്ഡയും ആഭ്യന്തരമന്ത്രി അമിത് ഷായും കുറ്റപ്പെടുത്തി. എന്നാൽ, ദിഗയിലെ തന്റെ സന്ദർശനം മുൻകൂട്ടി തീരുമാനിച്ചതാണെന്നും പ്രധാനമന്ത്രിയുടെ അനുമതിവാങ്ങിയാണ് താൻ പോയതെന്നും മമത പിന്നീട് വിശദീകരിച്ചു.ഗവർണർ ജഗദീപ് ധൻഖറും ജലവിഭവ മന്ത്രിയും പ്രതിപക്ഷ നേതാവ് ശുഭേന്ദു അധികാരിയുമടക്കമുള്ളവർ മാത്രമാണ് അവലോകന യോഗത്തിൽ അവശേഷിച്ചത്.

അടുത്തിടെ, കോവിഡ് അവലോകനയോഗത്തിൽ മുഖ്യമന്ത്രിമാരെ സംസാരിക്കാൻ അനുവദിക്കാതെ മോദി അപമാനിച്ചതായി മമത ആരോപിച്ചിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *