ബംഗളൂരു അക്രമം: യു.എ.പി.എ., ഗുണ്ട ആക്ട് എന്നിവ ചുമത്താന്‍ കര്‍ണാടക സര്‍ക്കാര്‍ തീരുമാനം

പോലീസ് വെടിവെപ്പില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുന്നതിന് കാരണമായ ബെംഗളൂരു സംഘര്‍ഷത്തില്‍ യു.എ.പി.എ., ഗുണ്ട ആക്ട് എന്നിവ പ്രകാരമുള്ള വകുപ്പുകള്‍ ചുമത്താന്‍ കര്‍ണാടക സര്‍ക്കാര്‍ തീരുമാനം. കലാപം നടന്ന ഡിജെ ഹള്ളിയില്‍ ഉണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ ക്ലെയിം കമ്മീഷണറിനെ നയമിക്കുന്നതിന് അനുവാദം തേടി ഹൈക്കോടതിയെ സമീപിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. കലാപത്തേപ്പറ്റി അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം ഗുണ്ട ആക്ട്, യു.എ.പി.എ. എന്നീ നിയമങ്ങളിലെ വകുപ്പുകള്‍ കേസില്‍ ഉപയോഗിക്കുന്നത് സംബന്ധിച്ച് തീരുമാനം ഉടന്‍ കൈക്കൊള്ളും.

കോൺഗ്രസ് എം.എൽ.എ അഖണ്ഡ ശ്രീനിവാസ മൂർത്തിയുടെ സഹോദരീ പുത്രനായ​ നവീൻ ഫേസ്​ബുക്കിൽ പ്രവാചക നിന്ദ പോസ്​റ്റിട്ടതി​നെ തുടർന്നാണ് ഡി.ജെ. ഹള്ളി കാവൽ ബൈരസാന്ദ്രയിലെ ജനം തെരുവിലിറങ്ങിയത്.

ഇതാണ് ബംഗളൂരുവിൽ സംഘർഷത്തിന് വഴിവെച്ചത്. നവീനെ അറസ്​റ്റ്​ ചെയ്യണമെന്ന് ആവശ്യപ്പെട്ട്​ തെരുവിലിറങ്ങിയ ആളുകൾ നവീ​ന്‍റെ കാറടക്കം നിരവധി വാഹനങ്ങൾ കത്തിച്ചു. എം.എൽ.എയുടെ വീടിനു നേരെയും കല്ലേറുണ്ടായി. കല്ലേറിൽ വീടി​ന്‍റെ ജനൽ ചില്ലുകളടക്കം തകർന്നു. നവീന്‍റെ അറസ്​റ്റ്​​ ആവശ്യപ്പെട്ട്​ ഡി.ജെ. ഹള്ളി പൊലീസ്​ സ്​റ്റേഷന്​ മുന്നിലും ആളുകൾ തടിച്ചുകൂടി. ലാത്തിവീശിയിട്ടും പിന്മാറാതിരുന്ന അക്രമികളെ പിരിച്ചുവിടാൻ പൊലീസ് നടത്തിയ വെടിവെപ്പിൽ മൂന്നു പേർ മരിച്ചു. 60തോളം പൊലീസുകാർക്ക് പരിക്കേറ്റിരുന്നു.

അതേസമയം, സമൂഹമാധ്യമങ്ങള്‍ വഴി സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കുന്നത് തടയുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ഇത്തരം സേവനങ്ങള്‍ നല്‍കുന്ന കമ്പനികളുടെ ഇന്ത്യയിലെ മേധാവികളുമായി സര്‍ക്കാര്‍ കൂടിക്കാഴ്ച നടത്തും. സോഷ്യല്‍ മീഡിയകളെ നിയന്ത്രിക്കുന്നത് സംബന്ധിച്ച് യോഗത്തില്‍ ചര്‍ച്ചയുണ്ടാകുമെന്നും സൂചനകളുണ്ട്.

കലാപത്തെ തുടര്‍ന്ന് പ്രഖ്യാപിച്ച നിരോധനാജ്ഞ ഓഗസ്റ്റ് 18 വരെ നീട്ടിയിട്ടുണ്ട്. കലാപവുമായി ബന്ധപ്പെട്ട് മൊത്തം 340 പേരാണ് ഇതുവരെ അറസ്റ്റിലായത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *