ഫൈസല്‍ ഫരീദ് ദുബൈ പൊലീസിന്‍റെ കസ്റ്റഡിയിലെന്ന് സൂചന; ഇന്ത്യക്ക് കൈമാറും

തിരുവനന്തപുരം സ്വർണക്കടത്ത് കേസിലെ മൂന്നാം പ്രതി ഫൈസൽ ഫരീദിനെ യുഎഇ ഇന്ത്യക്ക് ഉടന്‍ കൈമാറും. ഫൈസല്‍ മൂന്ന് ദിവസമായി ദുബൈ പൊലീസിന്‍റെ കസ്റ്റഡിയിലാണെന്നാണ് സൂചന. എന്നാല്‍ ഫൈസലിന്‍റെ അറസ്റ്റ് യുഎഇ സ്ഥിരീകരിച്ചിട്ടില്ല.

ഫൈസല്‍ ദുബൈ പൊലീസിന്‍റെ നിരീക്ഷണത്തിലായിരുന്നു. ഫൈസൽ ഫരീദിന്‍റെ പാസ്പോർട്ട് റദ്ദാക്കിയ കാര്യം ഇന്ത്യൻ എംബസി യുഎഇ അധികൃതരെ അറിയിച്ചിട്ടുണ്ട്. ഇന്ത്യയുടെ അഭ്യർഥനയെ തുടർന്നാണ് യുഎഇ ഫൈസൽ ഫരീദിന് യാത്രാവിലക്ക് ഏർപ്പെടുത്തിയിരിക്കുന്നതും. ഇന്‍റര്‍പോള്‍ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തു. എപ്പോള്‍ ഫൈസലിനെ ഇന്ത്യക്ക് കൈമാറും എന്നത് സംബന്ധിച്ച് ഔദ്യോഗികമായ അറിയിപ്പ് വന്നിട്ടില്ല.

തീവ്രവാദ പ്രവർത്തനങ്ങൾക്കുള്ള സഹായം, വ്യാജ രേഖകളുടെ നിർമാണം, കള്ളക്കടത്തിൽ സജീവ പങ്കാളിത്തം തുടങ്ങിയ കുറ്റങ്ങളാണ് ഇന്ത്യ ഫൈസൽ ഫരീദിനെതിരെ ഉന്നയിച്ചിരിക്കുന്നത്. എന്നാല്‍ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് പേര് ഉയർന്നു വന്നപ്പോൾ ആരോപണങ്ങള്‍ നിഷേധിച്ച് ഫൈസൽ ഫരീദ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ വന്നിരുന്നു. അഭിഭാഷകരുമായുള്ള ചര്‍ച്ചക്ക് ശേഷം മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ വീണ്ടും വരുമെന്ന് പറഞ്ഞിരുന്നെങ്കിലും പിന്നീട് ഇയാളെ കുറിച്ച് ഒരു വിവരവും ലഭ്യമല്ല.

Spread the love

Leave a Reply

Your email address will not be published. Required fields are marked *