ഫൈനലിനായി ബ്ലാസ്റ്റേഴ്‌സ്

ന്യൂദല്‍ഹി: ഒരു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഐഎസ്എല്‍ ഫൈനല്‍ ലക്ഷ്യമിട്ട് കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് വീണ്ടും കളത്തില്‍. ദല്‍ഹി ഡൈനാമോസിനെതിരെ ആദ്യ പാദത്തില്‍ നേടിയ 1-0ന്റെ കരുത്തില്‍ രണ്ടാം പാദത്തിനിറങ്ങുന്നു. ഒരു സമനില മാത്രം മതി ബ്ലാസ്റ്റേഴ്‌സിന് ഫൈന ല്‍ ഉറപ്പിക്കാന്‍. അതേസമയം ആദ്യ ഫൈനല്‍ പ്രവേശനത്തിന് ദല്‍ഹി ഡൈനാമോസിന് ജയം അനിവാര്യം. രാത്രി ഏഴിന് ദല്‍ഹിയില്‍ കിക്കോഫ്.

ഐഎസ്എല്ലില്‍ എവേ ഗോള്‍ ആനുകൂല്യമില്ല. ഇന്ന് 2-1ന് ബ്ലാസ്റ്റേഴ്‌സ് തോറ്റാലും എവേ ഗോളിന്റെ ആനുകൂല്യത്തില്‍ ഫൈനലില്‍ കടക്കാനാകില്ല. ഇരുപാദങ്ങളിലെയും സ്‌കോറുകള്‍ കൂട്ടിയ ശേഷം വിജയികളെ തീരുമാനിക്കും. ഇരുപാദ സ്‌കോര്‍ സമനിലയാണെങ്കില്‍ 15 മിനിറ്റ് വീതമുള്ള 30 മിനിറ്റ് എക്‌സ്ട്രാ സമയം. ഇതിലും സമനിലയെങ്കില്‍ ഷൂട്ടൗട്ട്.

കൊച്ചിയില്‍ നടന്ന ആദ്യപാദത്തില്‍ കേരളം നേരിയ വിജയം നേടിയെങ്കിലും പ്രകടനം ആധികാരികമായിരുന്നില്ല. 64-ാം മിനിറ്റില്‍ കെര്‍വന്‍സ് ബെല്‍ഫോര്‍ട്ട് നേടിയ ഗോളില്‍ ജയം. ഹ്യൂസും ഹെങ്ബര്‍ട്ടും ജിംഗാനും അടങ്ങിയ പ്രതിരോധത്തിന്റെയും ഗോള്‍കീപ്പര്‍ സന്ദീപ് നന്ദിയുടെയും മിന്നുന്ന പ്രകടനമാണ് ജയം നല്‍കിയത്. മാഴ്‌സെലീഞ്ഞോ, റിച്ചാര്‍ഡ് ഗാഡ്‌സെ, കീന്‍ ലൂയിസ് എന്നിവരടങ്ങിയ ദല്‍ഹി മുന്നേറ്റനിരയെ വരച്ചവരിയില്‍ നിര്‍ത്തി ഇവര്‍.
ഇന്നും ഇവര്‍ക്ക് കൂച്ചുവിലങ്ങിടുക തന്നെ ഹ്യൂസിന്റെയും ഹെങ്ബര്‍ട്ടിന്റെയും കനത്ത വെല്ലുവിളി. സ്വന്തം ഗ്രൗണ്ടിലാണ് കളിയെന്നതിനാല്‍ ദല്‍ഹിക്ക് മുന്‍തൂക്കമുണ്ടെങ്കിലും ടൂര്‍ണമെന്റിലെ ടോപ് സ്‌കോററായ മാഴ്‌സെലീഞ്ഞോയെയും ഗാഡ്‌സെ, ലൂയിസ്, പ്ലേമേക്കര്‍ ഫ്‌ളോറന്റ് മലൂദ എന്നിവരെയും പിടിച്ചുകെട്ടിയാല്‍ ബ്ലാസ്റ്റേഴ്‌സിന് രണ്ടാം ഫൈനല്‍ സ്വപ്‌നം കാണാം. മലൂദയെ വെറുതെ വിട്ടാല്‍ കളിയുടെ ഗതിമാറും. ഒറ്റയ്ക്ക് കളി തിരിക്കാന്‍ കഴിവുള്ള താരമാണ് മലൂദ. കഴിഞ്ഞ കൡയില്‍ മെഹ്താബ് ഹുസൈന്‍ മലൂദയെ പിടിച്ചുകെട്ടി തന്റെ റോള്‍ ഭംഗിയാക്കി.
ബ്ലാസ്റ്റേഴ്‌സിന്റെ നട്ടെല്ലായ കോച്ച് സ്റ്റീവ് കൊപ്പലിന്റെ തന്ത്രങ്ങളാണ് തുടക്കത്തിലെ മോശം പ്രകടനത്തിനുശേഷം ടീമിനെ ഇവിടെ വരെ എത്തിച്ചത്.

ഓരോ കളിയിലും ഓരോ തന്ത്രങ്ങള്‍ പയറ്റിയ കൊപ്പല്‍ ഇന്ന് പുറത്തെടുക്കുന്ന തന്ത്രമാണ് അറിയാനുള്ളത്. കഴിഞ്ഞ കൡയില്‍ ആദ്യപകുതിയില്‍ തന്നെ ലെഫ്റ്റ് ബാക്കായ ഹോസുവിനെ മഞ്ഞക്കാര്‍ഡ് കണ്ടതിനെ തുടര്‍ന്ന് തിരിച്ചുവിളിച്ച് പകരം കളത്തിലിറക്കിയത് ദിദിയര്‍ കാഡിയോയെ. മാഴ്‌സെലീഞ്ഞോയുടെ പ്രകോപനങ്ങളില്‍പ്പെട്ടതിനെ തുടര്‍ന്നായിരുന്നു ഹോസുവിന് മഞ്ഞക്കാര്‍ഡ് കിട്ടിയത്. തുടര്‍ന്ന് കളത്തിലെത്തിയ കാഡിയോയാകട്ടെ മാഴ്‌സെലീഞ്ഞോയെ വിടാതെ പിന്തുടരുന്നതില്‍ വിജയിച്ചു. വിനീതിനെ സ്‌ട്രൈക്കറായി ഇറക്കാതെ അല്‍പ്പം പിന്നില്‍ കളിപ്പിച്ച കൊപ്പലിന്റെ തന്ത്രവും വിജയം കണ്ടു. വിനീതിന് പകരം നാസണും ബെല്‍ഫോര്‍ട്ടും മുന്നേറ്റനിരയില്‍ അതിവേഗ നീക്കങ്ങൡലൂടെ ദല്‍ഹിയുടെ താളം തെറ്റിച്ചു. ഇന്ന് ഹോസു ആദ്യ ഇലവനില്‍ ഇറങ്ങുമെന്ന് സൂചന. വിങ്ങുകളിലൂടെ അതിവേഗം മുന്നേറാന്‍ കഴിവുള്ള ഹോസു ടീമിന്റെ അവിഭാജ്യഘടകമാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *