ഫാസ്റ്റ് ഫുഡില്‍ ടോയ്ലറ്റ് ക്ലീനര്‍ ചേര്‍ത്ത് വില്‍പ്പന നടത്തിയ കച്ചവടക്കാരനെ പ്രത്യേക കോടതി ആറ് മാസത്തെ തടവ് ശിക്ഷയ്ക്ക് വിധിച്ചു. ഗുജറാത്തിലെ അഹമ്മദാബാദ് ദാല്‍ ദര്‍വാജ മേഖലയിലെ പാനിപൂരി കച്ചവടക്കാരനായ ചേതന്‍ നാവന്ജി മാര്വാടിയെയാണ് കോടതി ശിക്ഷിച്ചത്.
ഭക്ഷണത്തില്‍ മായം ചേര്‍ത്തതിന് 2009ലാണ് അഹമ്മദാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷ്ന്‍ ഇയാള്‍ക്കെതിരെ പ്രത്യേക കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്. നാട്ടുകാരില്‍ നിന്നും സ്ഥിരമായി ഇയാള്‍ക്കെതിരെ പരാതി ലഭിച്ചിരുന്നു. പാനിപൂരിയില്‍ ഇയാള്‍ എന്തോ ചേര്‍ക്കുന്നുണ്ടെന്ന് നാട്ടുകാര്‍ക്ക് പരാതിയുണ്ടായിരുന്നു. ഉപയോഗിച്ച മലിന ജലം റോഡില്‍ ഒഴുക്കുന്നതും ജനങ്ങള്‍ക്ക് ദുസഹമായിരുന്നു.

ഇയാള്‍ ഉണ്ടാക്കുന്ന ഭക്ഷണത്തിന്റെ സാമ്പിള്‍ കോര്പ്പറേഷന് ലാബില്‍ പരിശോധനയ്ക്ക് അയച്ചതോടെയാണ് ഞെട്ടിപ്പിക്കുന്ന വിവരം പുറത്താകുന്നത്. ടോയ്ലറ്റ് ക്ലീനറുകളില്‍ ഉപയോഗിക്കുന്ന ഓക്സാലിക് ആസിഡാണ് പരിശോധനയില്‍ കണ്ടെത്തിയത്. ഇതേ തുടര്‍ന്നാണ് കോര്പ്പറേഷന് പ്രത്യേക കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്.













