അനധികൃത സ്വത്ത്: ജയലളിതയും ശശികലയും ഉള്‍പ്പെട്ട കേസില്‍ വിധി ഒരാഴ്ചയ്ക്കകം


അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയും നിയുക്ത മുഖ്യമന്ത്രി വി.കെ.ശശികലയും ഉള്‍പ്പെട്ട അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ഒരാഴ്ചയ്ക്കകം സുപ്രീം കോടതി വിധി പറയും.


കേസ് അനന്തമായി നീണ്ടു പോകുന്നത് ചോദ്യം ചെയ്ത കര്‍ണാടക സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് കോടതി വിധി. കേസ് എത്രയും വേഗം പരിഗണിക്കണമെന്ന് കര്‍ണാടക സര്‍ക്കാരിന്റെ അഭിഭാഷകന്‍ സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ജൂണില്‍ വാദം പൂര്‍ത്തിയായി കേസ് വിധിപറയാന്‍ സുപ്രീം കോടതി മാറ്റിവച്ചിരിക്കുകയായിരുന്നു.


ജയലളിത മരിച്ച സാഹചര്യത്തില്‍ അവര്‍ക്കെതിരേയുള്ള ശിക്ഷയെക്കുറിച്ച് കോടതി വിധിയുണ്ടായിരിക്കില്ല. എന്നാല്‍ കേസിലെ കൂട്ടുപ്രതിയായ ശശികലയ്ക്ക് വിധി നിര്‍ണായകമാണ്. അടുത്തയാഴ്ച തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ പോകുന്ന ശശികലയ്ക്ക് വിധി എതിരായാല്‍ വലിയ തിരിച്ചടികള്‍ നേരിടേണ്ടി വരും.

കേസില്‍ നേരത്തെ വിചാരണ കോടതി വിധി ജയലളിതയ്ക്കും ശശികലയ്ക്കും എതിരായിരുന്നു. പിന്നീട് കര്‍ണാടക ഹൈക്കോടതിയാണ് ശിക്ഷ റദ്ദാക്കിയത്. ഇത് ചോദ്യം ചെയ്താണ് കര്‍ണാടക സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്.



Sharing is Caring