ഫാല്‍ക്കണ്‍ ഹെവി റോക്കറ്റില്‍ ബഹിരാകാശത്തേക്ക് അയച്ച ടെസ്ല കാര്‍ ഭ്രമണപഥത്തില്‍ എത്തിയില്ല

കേപ് കനാവറല്‍: ഫാല്‍ക്കണ്‍ ഹെവി റോക്കറ്റില്‍ ബഹിരാകാശത്തേക്ക് അയച്ച ടെസ്ല റോഡ്സ്റ്റര്‍ കാറിനു വഴിതെറ്റി. നിശ്ചിത ഭ്രമണപഥത്തില്‍ എത്താന്‍ പറ്റാതെ ടെസ്ല ബഹിരാകാശത്തിന്റെ ആഴങ്ങളിലേക്കു പോകുകയാണ്.

ചൊവ്വയ്ക്കും വ്യാഴത്തിനുമിടയില്‍ ഛിന്നഗ്രഹമേഖലയിലേക്കു ചെല്ലുന്ന ഒരു ഭ്രമണപഥത്തിലാണ് ടെസ്ലയുടെ കാര്‍. ഡ്രൈവറുടെ സ്ഥാനത്ത് സ്റ്റാര്‍മാന്‍ എന്ന പാവ ഇരിപ്പുള്ള റോഡ്സ്റ്റര്‍ റോക്കറ്റില്‍ ഇരിക്കുന്ന ചിത്രം എലോണ്‍ മസ്ക് പോസ്റ്റ് ചെയ്തിരുന്നു.

ഭൂമിക്കും ചൊവ്വയ്ക്കുമിടയില്‍ സൂര്യന്‍ കേന്ദ്ര ബിന്ദുവായുള്ള ഒരു ഭ്രമണപഥത്തില്‍ പ്രവേശിച്ച്‌ വര്‍ഷങ്ങളോളം സൗരയൂഥത്തിലൂടെ റോഡ്സ്റ്റര്‍ സഞ്ചരിക്കാനാണ് ഉദ്ദേശിച്ചിരുന്നത്.

വിക്ഷേ പണം കഴിഞ്ഞ് ആറാം മണിക്കൂറില്‍ ഫാല്‍ക്കണ്‍ റോക്കറ്റ് മൂന്നാംഘട്ട എന്‍ജിന്‍ കത്തിച്ചപ്പോള്‍ ഉദ്ദേശിച്ചതിലും ശക്തി ഉണ്ടായതിനാല്‍ നിര്‍ദിഷ്ട ഭ്രമണപഥത്തില്‍ നില്‍ക്കാതെ റോഡ്സ്റ്റര്‍ പോയി.

സ്പേസ് എക്സ് എന്ന ബഹിരാകാശ കന്പനിയുടെയും ടെസ്ല എന്ന വൈദ്യുതകാര്‍ വൈദ്യുത ബാറ്ററി കന്പനിയുടെയും ഉടമയായ മസ്ക് പാവ ഡ്രൈവറെ വച്ച്‌ തന്റെ ഒരു കാര്‍ മാത്രമാണ് ഫാല്‍ക്കണില്‍ അയച്ചത്.

ഛിന്നഗ്രഹമേഖലയില്‍ എത്തിയാല്‍ ഈ റോഡ്സ്റ്റര്‍ എന്തിനോടെങ്കിലും മുട്ടി തകരാനും സാധ്യതയുണ്ട്. സെറസ് എന്ന കുള്ളന്‍ ഗ്രഹത്തിന്റെ സമീപത്തു കൂടിയുള്ളതാണ് റോഡ്സ്റ്ററിന്റെ ഭ്രമണപഥമെന്ന് എലോണ്‍ മസ്ക് ട്വീറ്റില്‍ പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *