പൾസർ സുനി പഠിച്ച കളളൻ,പരസ്പരവിരുദ്ധമായ മൊ‍ഴി നൽകി പൊലീസിനെ പറ്റിക്കുന്നു


പരസ്പര വിരുദ്ധമായ മൊ‍ഴി നൽകി പൾസർ സുനി പൊലീസിനെ പറ്റിക്കുന്നു.ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നുണ്ടെങ്കിലും നടിയുടെ ദൃശ്യങ്ങളടങ്ങിയ ഫോൺ സംബന്ധിച്ച പൊലീസിന്‍റെ ചോദ്യങ്ങളോട് പരസ്പര വിരുദ്ധമായ മറുപടിയാണ് സുനി നൽകുന്നത്.നടിയെ ബ്ലാക്ക്മെയിൽ ചെയ്യാനാണ് അതിക്രമം കാണിച്ചതെന്ന വാദം കോടതിയിൽ നിലനിൽക്കണമെങ്കിൽ ഈ ദൃശ്യങ്ങൾ കണ്ടെത്തേണ്ടതുണ്ട്.


അറസ്റ്റിലായ ആറു പ്രതികളിൽ സുനിക്ക് മാത്രമാണ് ദൃശ്യങ്ങൾ എവിടെ എന്ന് അറിയാവുന്നത്.മൊബൈൽ ഉപേക്ഷിച്ചത് പൊന്നുരുന്നിയിലെ അ‍ഴുക്കുചാലിലാണെന്നു മൊ‍ഴി നൽകിയ സുനി പിന്നീട് ഗോശ്രീ പാലത്തിൽ നിന്ന് കായലിലേക്കെറിഞ്ഞെന്നു തിരുത്തി.രണ്ടിടത്തും പൊലീസ് വ്യാപക തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല.


ദൃശ്യങ്ങളടങ്ങിയ ഫോൺ പ്രതി സൂക്ഷിക്കാനേൽപ്പിക്കാൻ സാധ്യതയുളള ആളുകളുടെ പട്ടിക തയ്യാറാക്കി ഇവരെ നിരീക്ഷിക്കുകയാണ് പൊലീസിപ്പോൾ.അഭിഭാഷകരും നിരീക്ഷണത്തിലാണ്.അറസ്റ്റിലാകും മുമ്പ് സുനിക്ക് ലഭിച്ച നിയമോപദേശപ്രകാരമാണ് മൊ‍ഴി മാറ്റുന്നതെന്നാണ് പൊലീസിന്‍റെ നിഗമനം.



Sharing is Caring