പൗരത്വ പട്ടിക: പേരില്ലാത്തവര്‍ക്കെതിരേ ബലപ്രയോഗം പാടില്ലെന്ന് സുപ്രിംകോടതി

അസമില്‍ തിങ്കാളാഴ്ച പ്രസിദ്ധീകരിച്ച ദേശീയ പൗരത്വ പട്ടികയില്‍ (എന്‍.ആര്‍.സി) പേര് ഇല്ലാത്ത 40 ലക്ഷം ആളുകള്‍ക്കെതിരേ ബലംപ്രയോഗിച്ചു നടപടി സ്വീകരിക്കരുതെന്ന് സുപ്രിംകോടതി നിര്‍ദേശം. പട്ടികയില്‍ ഉള്‍പ്പെടാത്തവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് പുതിയ സംവിധാനം കൊണ്ടുവരണമെന്നും ജഡ്ജിമാരായ രഞ്ജന്‍ ഗോഗോയിയും ആര്‍.എഫ് നരിമാനും അടങ്ങുന്ന രണ്ടംഗസുപ്രിംകോടതി ബെഞ്ച് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ വിശദാംശങ്ങള്‍ തയ്യാറാക്കി സത്യവാങ്മൂലം സമര്‍പ്പിക്കാനും കോടതി നിര്‍ദേശം നല്‍കി. കേസ് ഈ മാസം 16നു വീണ്ടും പരിഗണിക്കും.

പട്ടികയില്‍ പേരില്ലാത്തവരടെ അപേക്ഷകള്‍ പരിഗണിക്കാനും അവരുടെ പരാതികള്‍ കേള്‍ക്കാനും അധികൃതര്‍ തയ്യാറാവണം. ഇക്കാര്യത്തില്‍ അസം എന്‍.ആര്‍.സി കോര്‍ഡിനേറ്ററുമായി കേന്ദ്രസര്‍ക്കാര്‍ ആശയവിനിമയം നടത്തണം. പരാതിക്കാരുടെ അപേക്ഷകള്‍ സ്വതന്ത്രമായും നിഷ്പക്ഷമായും പരിഗണിക്കണമെന്നും കേന്ദ്രസര്‍ക്കാരിനു വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാലിനെ കോടതി അറിയിച്ചു.

പൗരത്വപട്ടിക സംബന്ധിച്ച ആക്ഷേപങ്ങള്‍ നീതിപൂര്‍വം പരിഗണിക്കുമെന്നും ഇതുസംബന്ധിച്ച നടപടിക്രമങ്ങള്‍ നടന്നുവരികയാണെന്നും ഇക്കാര്യം രണ്ടാഴ്ചയ്ക്കുള്ളില്‍ കോടതിയെ അറിയിക്കാമെന്നും അറ്റോര്‍ണി ജനറല്‍ ഇതിന് മറുപടി നല്‍കി. പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ലാത്ത 40 ലക്ഷത്തിലേറെ ആളുകള്‍ക്കും തങ്ങളുടെ പരാതികള്‍ പറയാനുള്ള അവസരം നല്‍കണമെന്ന് അറ്റോര്‍ണി ജനറലിനോട് ജസ്റ്റിസ് ഗോഗോയ് പറഞ്ഞു. പരാതികള്‍ നിങ്ങള്‍ കേള്‍ക്കുകയും ന്യായമെങ്കില്‍ പരിഹരിക്കുകയും വേണം. നടപടിക്രമങ്ങള്‍ ഞങ്ങള്‍ക്കു മുമ്പില്‍ വയ്ക്കൂ. അത് നിഷ്പക്ഷമാണെങ്കില്‍ ഞങ്ങള്‍ അംഗീകരിക്കും. മറിച്ചാണെങ്കില്‍ കോടതി നിരാകരിക്കും. എന്തെങ്കിലും ന്യൂനതയുണ്ടെങ്കില്‍ ഈ കോടതി അത് പൂര്‍ണമാക്കും- ജസ്റ്റിസ് ഗോഗോയ് കൂട്ടിച്ചേര്‍ത്തു.

കരടുപട്ടിക ഈ മാസം ഏഴ് മുതല്‍ പൊതുജനങ്ങള്‍ക്കു പരിശോധിക്കാമെന്ന് എന്‍.ആര്‍.സി കോര്‍ഡിനേറ്റര്‍ കോടതിയെ അറിയിച്ചു. പട്ടികയില്‍ ഉള്‍പ്പെടാത്തവര്‍ക്ക് തങ്ങളുടെ എതിര്‍പ്പും കാരണങ്ങളും ഈ മാസം 30 മുതല്‍ അടുത്തമാസം 28 വരെ അറിയിക്കാം. അതു വിശദമായി പരിശോധിച്ച ശേഷമേ പരാതിയില്‍ അന്തിമ തീരുമാനം എടുക്കൂവെന്നും കോര്‍ഡിനേറ്റര്‍ അറിയിച്ചു. കോടതി ഒരുകാര്യത്തിലും ആര്‍ക്കും ഉറപ്പ് കൊടുക്കാറില്ലെന്നും ഉത്തരവിടുക മാത്രമാണ് ചെയ്യാറുള്ളതെന്നും എന്നാല്‍, എല്ലാവര്‍ക്കും മതിയായ അവസരം ലഭിക്കണമെന്നും കോടതി പ്രതികരിച്ചു. പൗരത്വ പട്ടികയെ കുറിച്ച് ഈ ഘട്ടത്തില്‍ അഭിപ്രായപ്രകടനം നടത്തുന്നില്ല. സര്‍ക്കാരിന്റെ റിപ്പോര്‍ട്ടിനു കാത്തിരിക്കുകയാണെന്നും ജസ്റ്റിസ് ഗോഗോയ് അറിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *