പ്ലൈവുഡ് ഫാക്ടറികള്‍ക്കിടയിലെ ദൂരപരിധി; കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സുപ്രീം കോടതി നോട്ടീസ്

ന്യൂഡൽഹി: മലിനീകരണ നിയന്ത്രണത്തിന് പ്ലൈവുഡ് ഫാക്ടറികൾക്കിടയിൽ അമ്പത് മീറ്റർ ദൂരപരിധി വേണമെന്ന ഹൈക്കോടതി ഉത്തരവിൽ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ നിലപാട് സുപ്രീം കോടതി ആരാഞ്ഞു. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിനോടും ചീഫ് ഫോറസ്റ്റ് കൺസർവേറ്ററോടും ഇക്കാര്യത്തിൽ നിലപാട് അറിയിക്കാൻ സുപ്രീം കോടതി നിർദേശിച്ചു. നിലവിൽ പ്രവർത്തിക്കുന്ന ഫാക്ടറികൾക്കിടയിൽ അമ്പത് മീറ്റർ ദൂരപരിധി നിർബന്ധമാണോയെന്ന കാര്യത്തിലാണ് നിലപാട് അറിയിക്കേണ്ടത്.

ഹൈക്കോടതി വിധി നടപ്പിലാക്കുന്നില്ലെന്ന് ആരോപിച്ച് നൽകിയ കോടതി അലക്ഷ്യ ഹർജിയിലെ നടപടികൾ മാറ്റിവയ്ക്കാനും സുപ്രീം കോടതി നിർദേശിച്ചു. പെരുമ്പാവൂർ വെങ്ങോല ഗ്രാമപഞ്ചായത്തിൽ പ്ലൈവുഡ് ഫാക്ടറികൾ പരിസ്ഥിതി മലിനീകരണം സൃഷ്ടിക്കുന്നുവെന്ന് ആരോപിച്ച് നൽകിയ പൊതു താത്പര്യ ഹർജി പരിഗണിച്ചാണ് ഫാക്ടറികൾക്കിടയിൽ അമ്പത് മീറ്റർ ദൂരപരിധി വേണമെന്ന നിർദേശം ഹൈക്കോടതി നൽകിയത്. നിലവിൽ പ്രവർത്തിക്കുന്ന ഫാക്ടറികൾക്കും ഈ ദൂരപരിധി ബാധകമായിരിക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

സുപ്രീം കോടതി നിയമിച്ച ഉന്നതാധികാര സമിതിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാർ വെങ്ങോല പഞ്ചായത്തിനായി തയ്യാറാക്കിയ സമഗ്ര പരിസ്ഥിതി രൂപരേഖയിൽ നിലവിൽ പ്രവർത്തിക്കുന്ന ഫാക്ടറികൾക്ക് ദൂരപരിധി നിശ്ചയിച്ചിട്ടില്ലെന്ന് ആരോപിച്ച് നൽകിയ ഹർജിയിലാണ് സുപ്രീം കോടതി നോട്ടീസ് അയച്ചത്. ഹൈക്കോടതി സ്വന്തം നിലയ്ക്കാണ് ദൂരപരിധി നിശ്ചയിച്ചതെന്ന് പ്ലൈവുഡ് ഫാക്ടറി ഉടമകൾക്ക്വേണ്ടി ഹാജരായ മനീന്ദർ സിംഗ്, ഹാരിസ് ബീരാൻ എന്നിവർ വാദിച്ചു. ദൂരപരിധി സംബന്ധിച്ച ഹൈക്കോടതി വിധി നടപ്പിലാക്കിയാൽ ഇരുപത് വർഷത്തിലധികമായി പ്രവർത്തിക്കുന്ന വെങ്ങോല പഞ്ചായത്തിലെ പല ഫാക്ടറികളും അടച്ചുപൂട്ടേണ്ടി വരും. 2020-ൽ സംസ്ഥാന സർക്കാർ പുറത്തിറക്കിയ ഉത്തരവിൽ നിലവിലുള്ള പ്ലൈവുഡ് യൂണിറ്റുകൾക്ക് ദൂരപരിധി ബാധകമല്ലെന്ന് വ്യക്തമാക്കിയിട്ടുള്ളതായും അഭിഭാഷകർ കോടതിയിൽ ചൂണ്ടിക്കാട്ടി.

തുടർന്നാണ് ഇക്കാര്യത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ നിലപാട് അറിയേണ്ടതുണ്ടെന്ന് ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, കൃഷ്ണ മുരാരി എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കിയത്. പൊതു താത്പര്യ ഹർജികർക്കുവേണ്ടി സനന്ദ് രാമകൃഷ്ണൻ ഹാജരായി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *