പ്ലസ് വണ്‍ വിദ്യാര്‍ഥിനി അമ്മയായി; വൈദികന്‍ കുറ്റം സമ്മതിച്ചു

പീഡനത്തെത്തുടര്‍ന്ന് പ്ലസ് വണ്‍ വിദ്യാര്‍ഥിനി പ്രസവിച്ച സംഭവത്തില്‍ അറസ്റ്റിലായ ഫാദര്‍ റോബിന്‍ വടക്കുംചേരി (48) കുറ്റം സമ്മതിച്ചു. കൊട്ടിയൂർ നീണ്ടുനോക്കി സെന്റ് സെബാസ്റ്റ്യൻ പള്ളിയിലെ വികാരിയാണ് റോബിന്‍ വടക്കും‌ചേരി.

പെണ്‍കുട്ടിയുടെ പ്രസവം രഹസ്യമാക്കിവെച്ച ആശുപത്രി അധികൃതര്‍ക്കെതിരെയും വൈദികനെ രക്ഷപെടുത്താന്‍ ശ്രമിച്ചവര്‍ക്കെതിരെയും കേസെടുക്കാനും പോലീസ് ആലോചിക്കുന്നുണ്ട്. വൈദികനെ സംരക്ഷിക്കാന്‍ ഉന്നത ഇടപെടല്‍ നടക്കുന്നതായും പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ശസ്ത്രക്രിയയിലൂടെയാണ് പെൺകുട്ടി ആൺകുഞ്ഞിന് ജന്മം നൽകിയത്.

ഏതാനും ദിവസങ്ങൾ വിവരം പുറംലോകം അറിയാതെ പോയെങ്കിലും നാട്ടുകാരിൽ ചിലർ രഹസ്യമായി ചൈൽഡ്‌ലൈനിൽ വിവരം അറിയിക്കുകയായിരുന്നു. ചൈൽഡ്‌ലൈൻ പ്രവർത്തകർ ആശുപത്രിയിലെത്തി കുട്ടിയുമായി സംസാരിച്ചപ്പോഴാണ് വൈദികന്റെ ക്രൂരത പുറത്തുവന്നത്. സഭയുടെ നിയന്ത്രണത്തിലുള്ള കൂത്തുപറമ്ബിനു സമീപത്തെ ക്രിസ്തുരാജ ആശുപത്രിയിലാണ് പെണ്‍കുട്ടി പ്രസവിച്ചത്. നവജാത ശിശുവിനെ സഭയുടെ കീഴിലുള്ള വയനാട്ടിലെ ഒരു അനാഥാലയത്തിലേക്ക് മാറ്റിയിരുന്നു.

ഒളിവില്‍ പോയ വൈദികനെ തിങ്കളാഴ്ചയാണ് തൃശ്ശൂര്‍ ചാലക്കുടിയില്‍നിന്ന് പോലീസ് പിടികൂടിയത്. കുട്ടികള്‍ക്കെതിരായ അക്രമം തടയുന്നതുമായി ബന്ധപ്പെട്ട വകുപ്പാണ് (പോക്സോ) ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. വിചാരണ കഴിയുന്നതിനു മുന്‍പ് ജാമ്യം ലഭിക്കാത്ത വകുപ്പാണിത്. തെളിവെടുപ്പിനു ശേഷം റോബിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *