തിരുവനന്തപുരം: പ്രളയകാലത്ത് ഡാമുകള്‍ തുറന്നുവിട്ടതില്‍ വീഴ്ചയുണ്ടായെന്ന അമിക്കസ്ക്യൂറി റിപ്പോര്‍ട്ട് തള്ളി മുഖ്യമന്ത്രി പിണറായി വിജയന്. ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്തുന്ന റിപ്പോര്‍ട്ടാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാരിലെ ബന്ധപ്പെട്ടവരുമായി അഭിപ്രായം പോലും ചോദിക്കാതെയാണ് അമിക്കസ്ക്യൂറി റിപ്പോര്‍ട്ട് തയാറാക്കിയത്. ഇത് ഇപ്പോള്‍ വലിയ ചര്‍ച്ചയാക്കേണ്ട കാര്യമില്ല. റിപ്പോര്‍ട്ട് അന്തിമമെന്ന പ്രചാരണം കോടതിയെ അപമാനിക്കുന്നതിന് തുല്യമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ഡാമുകള്‍ പ്രളയ നിയന്ത്രണത്തിന് ഉപയോഗിച്ചില്ലെന്ന വാദം തെറ്റാണ്. അതിശക്തമായ മഴയാണ് പ്രളയത്തിന് കാരണമായത് . പ്രളയം പ്രതിരോധിക്കാന്‍ ഡാമുകള്‍ പൂര്‍ണ സജ്ജമായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.













