പ്രായപൂര്‍ത്തിയാകാത്ത പേരക്കുട്ടിയുടെ വിവാഹം എതിര്‍ത്തതിന് മുത്തച്ഛനെ കൊലപ്പെടുത്തി

ബംഗളൂരു: കര്‍ണാടകയിലെ കാരേനഹള്ളിയില്‍ പ്രായപൂര്‍ത്തിയാകാത്ത പേരക്കുട്ടിയുടെ വിവാഹം എതിര്‍ത്തതിന് മുത്തച്ഛനെ കൊലപ്പെടുത്തി. എഴുപതുകാരനായ ഈശ്വരപ്പയാണു കൊല്ലപ്പെട്ടത്. പെണ്‍കുട്ടിയുടെ പിതാവും വരന്റെ പിതാവും ചേര്‍ന്നാണ് ഈശ്വരപ്പയെ കൊലപ്പെടുത്തിയത്.

പ്രായപൂര്‍ത്തിയാകാത്ത പേരക്കുട്ടിയുടെ വിവാഹം തീരുമാനിച്ചത് മുതല്‍ മകനുമായി വഴക്കിലായിരുന്നു ഈശ്വരപ്പ. 15 വയസ് മാത്രം പ്രായമുള്ള കുട്ടിയുടെ വിവാഹം നടത്തരുതെന്ന ഈശ്വരപ്പയുടെ എതിര്‍പ്പ് ശക്തമായതോടെയാണ് മകന്‍ കുമാറും വരന്റെ അച്ഛന്‍ സുബ്രഹ്മണിയും ചേര്‍ന്ന് കൊലപാതകം ആസൂത്രണം ചെയ്തത്. ഇതിനിടെ ഈശ്വരപ്പ ചൈല്‍ഡ് ലൈനിലും പരാതി നല്‍കി.

ഇതോടെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെത്തി പെണ്‍കുട്ടിയെ വീട്ടില്‍നിന്നു ശിശുസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. ഇതേച്ചൊല്ലിയുണ്ടായ വാക്കേറ്റത്തിനിടെ കുമാറും സുബ്രഹ്മണിയും ചേര്‍ന്ന് ഇയാളെ മര്‍ദിക്കുകയും കല്ലുകൊണ്ടു പലതവണ തലയ്ക്കടിക്കുകയുമായിരുന്നു. മാരകമായി മുറിവേറ്റ ഈശ്വരപ്പയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുമാറിനെ പൊലീസ് അറസ്റ്റ് ചെയതു, എന്നാല്‍ വരന്റെ അച്ഛനായ സുബ്രഹ്മണി ഇപ്പോഴും ഒളിവിലാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *