പ്രവാസികളുടെ മടക്കം; കരിപ്പൂര്‍ വിമാനത്താവളത്തില്‍ വിപുലമായ ഒരുക്കങ്ങള്‍

ലോക് ഡൗണിൽ കുടുങ്ങിയ പ്രവാസികളുമായി ദുബായിൽ നിന്നുള്ള വിമാനം ഇന്ന് രാത്രി കരിപ്പൂരിൽ എത്തുമ്പോൾ വിപുലമായ സൗകര്യങ്ങളാണ് വിമാനത്താവളത്തിൽ ഒരുക്കിയിട്ടുള്ളത്. ആരോഗ്യ പരിശോധനയ്ക്കുശേഷം പുറത്തിറങ്ങുന്നവരെ കെഎസ്ആർടിസി ബസുകളിൽ അതത് ജില്ലകളിലെ കോവിഡ് കെയർ സെന്ററുകളിൽ എത്തിക്കും. രോഗ ലക്ഷണങ്ങൾ പ്രകടമാക്കുന്നവരെ നേരിട്ട് മെഡിക്കൽ കോളജിലേക്ക് മാറ്റാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.

ആരോഗ്യ ജാഗ്രത ഉറപ്പാക്കിയുള്ള ക്രമീകരണങ്ങളാണ് വിമാനത്താവളത്തില്‍ ഒരുക്കിയിട്ടുള്ളത്. ഒമ്പത് ജില്ലകളിൽ നിന്നുള്ള 189 യാത്രക്കാരാണ് രാത്രി പത്തരയോടെ എത്തുക. തെർമൽ സ്കാനിംഗ് ഉൾപ്പടെയുള്ള കര്‍ശനമായ ആരോഗ്യ പരിശോധനയ്ക്ക് വിധേയരാക്കിയ ശേഷം, രോഗ ലക്ഷണങ്ങളില്ലാത്തവരെ ടാക്സികളിലോ കെ.എസ്.ആര്‍.ടി.സി ബസുകളിലോ അതത് ജില്ലകളിലേക് കൊണ്ടുപോകും. ഇതിനായി 23 കെ.എസ്.ആര്‍.ടി.സി ബസുകൾ സജ്ജമാക്കിയിട്ടുണ്ട്. വിമാനത്താവളത്തിനുള്ളിൽ തന്നെ യാത്രക്കാരെ പ്രത്യേക ബാച്ചുകളാക്കി ബോധവൽക്കരണവും നടത്തും.

പ്രകടമായ ആരോഗ്യ പ്രശ്നങ്ങളുള്ളവരെ ആംബുലന്‍സില്‍ മഞ്ചേരി, കോഴിക്കോട് മെഡിക്കല്‍ കോളജുകളിലെ ആശുപത്രി ഐസൊലേഷനിലേക്ക്‌ മാറ്റും. ശേഷിക്കുന്നവരെ കോവിഡ് കെയര്‍ സെന്ററുകളിലേയ്ക്കാണ് കൊണ്ട് പോകുക. 7 കേന്ദ്രങ്ങളാണ് മലപ്പുറം ജില്ലയിൽ 14 ദിവസത്തെ നിരീക്ഷണത്തിനായി ഒരുക്കിയിട്ടുള്ളത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *