ആന്ധ്രാപ്രദേശിൽ വിഷവാതകം ശ്വസിച്ച്​ എട്ടു പേർ മരിച്ചു

ആന്ധ്രയിലെ വിശാഖപട്ടണത്ത് എല്‍.ജി പോളിമര്‍ പ്ളാന്റിലുണ്ടായ വിഷവാതക ചോര്‍ച്ചയെ തുടര്‍ന്ന് ഒരു കുട്ടിയുള്‍പ്പെടെ എട്ടുപേര്‍ മരിച്ചു. ചികിത്സയിലുള്ള 200 പേരില്‍ ഇരുപത് പേരുടെ നില ഗുരുതരമാണ്. ഇരുപത് ഗ്രാമങ്ങളില്‍ നിന്നായി അയ്യായിരം പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്ന് മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡി അറിയിച്ചു.

ഇന്ന് പുലര്‍ച്ചെ മൂന്നുമണിയോടെയാണ് ദുരന്തമുണ്ടായത്. ലോക്ഡൗണിന് ശേഷം ഇന്ന് പ്ളാന്റ് തുറന്നു പ്രവര്‍ത്തിയ്ക്കാനിരിക്കെയാണ് വിഷവാതകം പുറത്തേക്ക് വമിച്ചത്. പ്രദേശത്തെ അഞ്ചു കിലോമീറ്ററോളം ചുറ്റളവില്‍ വാതകം വ്യാപിച്ചു. ശ്വാസതടസവും കണ്ണെരിച്ചിലും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആളുകള്‍ വീടുവിട്ടിറങ്ങി. റോഡരികില്‍ ബോധരഹിതരായി വീണു. ആദ്യഘട്ടത്തില്‍ രക്ഷാ പ്രവര്‍ത്തനവും ദുഷ്കരമായി. പൊലീസിനും നാട്ടുകാര്‍ക്കും ശ്വാസതടസവും ആരോഗ്യപ്രശ്നങ്ങളും കാരണം കുറച്ചു സമയത്തേയ്ക്ക് ഒന്നും ചെയ്യാന്‍ സാധിച്ചില്ല. മുന്‍കരുതല്‍ നടപടികള്‍ക്ക് ശേഷമാണ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്.

എണ്ണൂറ് പേരെയാണ് വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചത്. ആളുകള്‍ ചികിത്സയിലുള്ള കിങ് ജോര്‍ജ് ആശുപത്രി, മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡി സന്ദര്‍ശിയ്ക്കും. വാതകചോര്‍ച്ച മൂന്ന് മണിക്കൂറിനുള്ളില്‍ തന്നെ അടച്ചു. എന്നാല്‍, അഞ്ചു കിലോമീറ്റര്‍ ചുറ്റളവില്‍ വിഷവാതകം വ്യാപിച്ചത് പ്രതിസന്ധിയായി

Spread the love

Leave a Reply

Your email address will not be published. Required fields are marked *