പ്രളയത്തില്‍ ജയിലില്‍ വെള്ളം കയറിയതോടെ 900ത്തോളം ജയില്‍പുള്ളികളെ മാറ്റി

ലഖ്‌നൗ: കനത്ത മഴയില്‍ യുപിയിലെ ബല്ലിയ ജില്ലയിലെ ജയിലിലേക്ക് വെള്ളം കയറിയതോടെ 900ത്തോളം തടവുപുള്ളികളെ മറ്റു ജയിലുകളിലേക്ക് മാറ്റി. ബിഹാര്‍ അതിര്‍ത്തിയോട് ചേര്‍ന്ന ഗംഗാ നദിക്ക് സമീപമുള്ള ജയിലിലാണ് വെള്ളം കയറിയത്. തടവുകാരുടെ സുരക്ഷയും ആരോഗ്യവും കണക്കിലെടുത്താണ് തടവുകാരെ മറ്റ് ജയിലുകളിലേക്ക് മാറ്റാനുള്ള തീരുമാനം കൈകൊണ്ടതെന്ന് ജില്ലാ മജിസ്‌ട്രേറ്റ് ഭവാനി സിംഗ് ഖംഗറൗട്ട് പറഞ്ഞു. ജയിലിനകത്തേക്ക് വെള്ള കയറുന്നുണ്ടെന്നും താഴ്ന്ന മേഖലകള്‍ വെള്ളത്തിനടിയിലായെന്നും അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് പറഞ്ഞു.

തടവുകാരെ സുരക്ഷിതമായി മാറ്റുന്നതിന് നാല് ഡെപ്യൂട്ടി പോലിസ് സൂപ്രണ്ട്മാര്‍, 20 എസ്‌എച്ച്‌ഒകള്‍, 80 സബ് ഇന്‍സ്‌പെക്ടര്‍മാര്‍, 146 ഹെഡ് കോണ്‍സ്റ്റബിള്‍മാര്‍, 380 കോണ്‍സ്റ്റബിള്‍മാര്‍ എന്നിവരെ വിന്യസിച്ചിട്ടുണ്ട്.
350 തടവുകാരെ പാര്‍പ്പിക്കാന്‍ ശേഷിയുള്ള ഈ ജയിലില്‍ നിലവില്‍ 950 ഓളം തടവുകാരുണ്ട്. താഴ്ന്ന പ്രദേശത്ത് സ്ഥിതിചെയ്യുന്ന ബല്ലിയ ജയിലിലെ കെട്ടിടങ്ങള്‍ മോശം അവസ്ഥയിലായതിനാലാണ് തടവുകാരെ മാറ്റുന്നതെന്നും വെള്ളം കയറുന്നത് പുതിയ കാര്യമല്ലെന്നും അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ നാല് ദിവസം തുടര്‍ച്ചയായി മഴ പെയ്തതാണ് ഇപ്പോള്‍ വെള്ളപ്പൊക്കമുണ്ടാകാന്‍ കാരണം. അസംഘട്ടിലെ ജയിലിലേക്കാണ് ഇവിടുത്തെ തടവുകാരെ മാറ്റുന്നത്. ഇതില്‍ 45 സ്ത്രീകളുമുണ്ടെന്നും അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് പറഞ്ഞു. മഴ നിര്‍ത്താതെ പെയ്യുന്നതിനാല്‍ ഉത്തര്‍പ്രദേശിലെ മിക്ക സ്ഥലങ്ങളും വെള്ളത്തിനടിയിലാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *