സംസ്ഥാനത്തിന് സൗജന്യമായി മണ്ണെണ്ണ നല്‍കാനാവില്ലെന്നും ലിറ്ററിന് 42 രൂപ നിരക്കില്‍ നല്‍കാമെന്നും കേന്ദ്ര സര്‍ക്കാര്‍.
പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രം 12000 കിലോ ലിറ്റര്‍ മണ്ണെണ്ണ അനുവദിച്ചിരുന്നു. ലിറ്ററിന് വ്യവസായ നിരക്കായ 72 രൂപ നിരക്കില്‍ പണം നല്‍കണമെന്നായിരുന്നു കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രാലയം ആദ്യം സംസ്ഥാനത്തെ അറിയിച്ചിരുന്നത്. ഇതിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു.

സൗജന്യമായി മണ്ണെണ്ണ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സ്രംസ്ഥാനം കേന്ദ്രത്തിന് കത്തെഴുതിയിരുന്നു. എന്നാല്‍ സൗജന്യമായെന്നല്ല സബ്‌സിഡി നിരക്കില്‍ പോലും (ലിറ്ററിന് 29 രൂപ) മണ്ണെണ്ണ അനുവദിക്കാന്‍ കേന്ദ്രം തയ്യാറായില്ല. ഇപ്പോള്‍ അനുവദിച്ച നിരക്കില്‍ മണ്ണെണ്ണ എടുത്തില്ലെങ്കില്‍ വിഹിതം നഷ്ടമാകുമോ എന്ന ആശങ്ക ഉള്ളതിനാല്‍ 42 രൂപ നിരക്കില്‍ മണ്ണെണ്ണ വാങ്ങാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. വാങ്ങുന്ന മണ്ണെണ്ണ ആര്‍ക്കൊക്കെ ഏതളവില്‍ വിതരണം ചെയ്യണമെന്ന് സര്‍ക്കാര്‍ തീരുമാനിക്കും.
പ്രളയ ബാധിത പ്രദേശങ്ങളിലെല്ലാം വൈദ്യുതി ബന്ധം താറുമാറാവുകയും പാചകവാതക വിതരണത്തെ മഴക്കെടുതി ബാധിക്കുകയും ചെയ്ത സാഹചര്യത്തിലാണ് കേരളം അധിക മണ്ണെണ്ണ ആവശ്യപ്പെട്ടത്.
പ്രളയത്തെത്തുടര്‍ന്ന് സൗജന്യമായി അരി ആവശ്യപ്പെട്ട സംസ്ഥാനത്തിന് കിലോയ്ക്ക് 25 രൂപ നിരക്കിലുള്ള അരിയാണ് കേന്ദ്രം അനുവദിച്ചത്. സബ്‌സിഡി നിരക്കില്‍ മൂന്ന് രൂപയ്ക്ക് നല്‍കുന്ന അരിയും കേന്ദ്രം നല്‍കാന്‍ തയ്യാറായില്ല. 89540 മെട്രിക് ടണ്‍ അരിയാണ് അനുവദിച്ചത്. തല്‍ക്കാലം അരിയെടുക്കാന്‍ പണം നല്‍കേണ്ടെന്നും പിന്നീട് കേന്ദ്രം നല്‍കുന്ന സഹായത്തില്‍നിന്ന് ഈ പണം തിരിച്ചുപിടിക്കുമെന്നാണ് കേന്ദ്രം അറിയിച്ചത്. അരി സൗജന്യമായി അനുവദിക്കണമെന്ന് വീണ്ടും ആവശ്യപ്പെടാന്‍ സംസ്ഥാനം തീരുമാനിച്ചു. എന്നാല്‍ അനുവദിച്ച അരി നഷ്ടപ്പെടാതിരിക്കാന്‍ അരി എടുക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം.













