പ്രളയം മനുഷ്യസൃഷ്ടിയെന്ന് രമേശ് ചെന്നിത്തല; ഡാമുകള്‍ മുന്നറിയിപ്പില്ലാതെ തുറന്നു; ലാഭക്കൊതിയുള്ള ഉദ്യോഗസ്ഥര്‍ അനാസ്ഥ കാണിച്ചു

പ്രളയം മനുഷ്യസൃഷ്ടിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കാലാവസ്ഥാ മുന്നറിയിപ്പുകള്‍ അവഗണിച്ചു. സാഹചര്യം കൃത്യമായി വിലയിരുത്താതെയാണ് ഡാമുകള്‍ തുറന്നുവിട്ടത്. ജനങ്ങളെ മാറ്റാനുള്ള മുന്‍കരുതലെടുത്തില്ലെന്നും ചെന്നിത്തല ആരോപിച്ചു.

ലാഭക്കൊതിയുള്ള കെഎസ്ഇബി ഉദ്യോഗസ്ഥര്‍ കുറ്റകരമായ അനാസ്ഥ കാണിച്ചു. മന്ത്രിമാര്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസം ഇടുക്കി ഡാം തുറക്കുന്നതിനെ ബാധിച്ചു. പമ്പയിലെ ഒന്‍പത് ഡാമുകള്‍ നേരത്തെ തുറക്കാമായിരുന്നു. ഷോളയാര്‍ ഡാം തമിഴ്‌നാട് തുറന്നത് ചാലക്കുടിയില്‍ ദുരിതം ഇരട്ടിയാക്കി. അപ്പര്‍ ഷോളയാര്‍ ഡാമുകള്‍ തുറക്കുന്നതില്‍ നിന്ന് കേരളത്തിന് തമിഴ്‌നാടിനെ വിലക്കാമായിരുന്നു. ചെറുഡാമുകള്‍ തുറന്നാണ് 2013ല്‍ ദുരന്തം ഒഴിവാക്കിയതെന്നും ചെന്നിത്തല പറഞ്ഞു.

അതേസമയം, മുന്നറിയിപ്പില്ലാതെ ഡാമുകള്‍ തുറന്നതിനെ പറ്റി ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു. സര്‍വ കക്ഷി യോഗത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.

ഇറിഗേഷന്‍ കനാലുകള്‍, ബണ്ടുകള്‍, കുളങ്ങള്‍ തോടുകള്‍ എന്നിവയ്ക്കുണ്ടായ കേടുപാടുകളും നഷ്ടവും കണക്കാക്കി പ്രത്യേക പദ്ധതി തയാറാക്കി പുനര്‍നിര്‍മിക്കണം. പ്രളയക്കെടുതി ഉണ്ടായ സ്ഥലങ്ങളിലെ കര്‍ഷകരുടെ എല്ലാ വിധത്തിലുമുള്ള കടങ്ങള്‍ എഴുതിത്തള്ളണം.

കര്‍ഷകര്‍ക്കും ദുരിതംപേറേണ്ടി വന്നവര്‍ക്കും പലിശരഹിത വായ്പ നല്‍കണം. ഇവര്‍ക്കുള്ള നഷ്ടപരിഹാരം സമയബന്ധിതമായി തന്നെ നല്‍കണം. വിടുകള്‍ പുനര്‍നിര്‍മിക്കാന്‍ കുറഞ്ഞത് അഞ്ചു ലക്ഷം രൂപയെങ്കിലും ധനസഹായമായി നല്‍കണം.

രണ്ടു മാസത്തേയ്‌ക്കെങ്കിലും പിഎസ്‌സി പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്നും എസ്എസ്എല്‍സി പരിക്ഷ കുറച്ചു കൂടി നീട്ടണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *