പ്രമുഖ രാഷ്ട്രീയനേതാക്കള്‍ക്കും അക്കാദമിക് പണ്ഡിതര്‍ക്കുമെതിരെ നടത്തുന്നത് ക്രൂരവും പ്രതികാരപരവുമായ നടപടി: പിബി

ആഭ്യന്തര മന്ത്രി അമിത്ഷാ നിയന്ത്രിക്കുന്ന ഡല്‍ഹി പൊലീസ് വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ കഴിഞ്ഞ ഫെബ്രുവരിയിലുണ്ടായ ഭീകര വര്‍ഗീയ കലാപവുമായി ബന്ധപ്പെട്ട് പ്രമുഖ രാഷ്ട്രീയ നേതാക്കളെയും അക്കാദമിക് പണ്ഡിതരെയും കേസുകളില്‍പെടുത്താന്‍ ശ്രമിക്കുന്നതില്‍ സിപിഐ എം പൊളിറ്റ്ബ്യൂറോ ശക്തിയായി പ്രതിഷേധിച്ചു. ക്രൂരമായ പക്ഷപാതവും പ്രതികാരവും നിറഞ്ഞ ഈ നടപടിയെ എത്ര അപലപിച്ചാലും മതിയാകില്ല. സമാധാനപരമായ പ്രതിഷേധങ്ങളും കുറ്റകരമാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിക്കേണ്ടത് ഭരണഘടന സംരക്ഷണത്തിനു അനിവാര്യമാണ്.

വര്‍ഗീയകലാപത്തിനു ആര്‍എസ്എസും ബിജെപിയും സ്വന്തമായ വ്യാഖ്യാനം ചമച്ച്, ഇതിനെ പൗരത്വനിയമഭേദഗതി വിരുദ്ധപ്രക്ഷോഭകരുടെ ഗൂഢാലോചനയുടെ ഫലമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുകയാണ്. ഏറ്റവും ഒടുവില്‍ സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, വിഖ്യാത സാമ്പത്തിക ശാസ്ത്രജ്ഞ ജയതിഘോഷ്, ഡല്‍ഹി സര്‍വകലാശാല പ്രൊഫസര്‍ അപൂര്‍വാനന്ദ്, സ്വരാജ് അഭിയാന്‍ നേതാവ് യോഗേന്ദ്രയാദവ്, ഡോക്യുമെന്ററി പ്രവര്‍ത്തകന്‍ രാഹുല്‍ റോയ് എന്നിവര്‍ അടക്കം ‘ഒരു പദ്ധതിയുടെ ഭാഗമായി’ പ്രതിഷേധം പ്രോത്സാഹിപ്പിച്ചവരാണെന്ന് ആരോപിക്കുകയാണ് ഡല്‍ഹി പൊലീസ്.

ഈ പ്രമുഖവ്യക്തികള്‍ പ്രതിഷേധങ്ങള്‍ക്ക് പ്രചോദനം നല്‍കിയെന്ന് കോടതിയില്‍ സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രത്തിലാണ് ഡല്‍ഹി പൊലീസ് ആരോപിക്കുന്നത്. പ്രമുഖരായ എതിരാളികളെ കേസുകളില്‍ കുടുക്കി മോശക്കാരായി ചിത്രീകരിക്കാന്‍ സിബിഐ, എന്‍ഐഎ, ഇഡി തുടങ്ങിയ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ചുവരുന്നതിന്റെ മാതൃകയിലാണ് ഡല്‍ഹി പൊലീസിന്റെ ഈ നീക്കവും.

സര്‍ക്കാരിന്റെ അധികാര ദുര്‍വിനിയോഗത്തെ ശക്തമായി എതിര്‍ക്കുന്നവരുടെ പേരില്‍ ദേശസുരക്ഷനിയമം, യുഎപിഎ, രാജ്യദ്രോഹക്കുറ്റം എന്നിവ ചുമത്തി പീഡിപ്പിക്കുകയും ചെയ്യുന്നു.

ഭീമ-കൊറഗാവ് കേസില്‍ എന്‍ഐഎയുടെ ഏകപക്ഷീയ നടപടികളും കേസ് അന്വേഷണത്തിന്റെ ഗതികളും ഈ പ്രവണതയുടെ ഭാഗമാണ്. ഡോ. കഫീല്‍ഖാന്റെ പേരില്‍ ചുമത്തിയ ദേശസുരക്ഷനിയമക്കുറ്റം എടുത്തുകളഞ്ഞ് അലഹബാദ് ഹൈക്കോടതി അദ്ദേഹത്തിനു ജാമ്യം നല്‍കിയത് ഈ സാഹചര്യത്തില്‍ ശ്രദ്ധേയമാണ്.

രാജ്യത്തിന്റെ ഭരണഘടനയ്ക്കും ജനാധിപത്യത്തിനും നേരെ കടുത്ത കടന്നാക്രമണമാണ് നടക്കുന്നതെന്നും പിബി പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *