ഇന്ത്യന്‍ പ്രധാനമന്ത്രി സ്ഥാനത്തിന് തന്നേക്കാള്‍ എന്തുകൊണ്ടും യോഗ്യന്‍ മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയായിരുന്നുവെന്ന് മന്മോഹന് സിങ്. സോണിയാ ഗാന്ധി തന്നെ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കുകയായിരുന്നു. മുഖര്‍ജി രാഷ്ട്രീയത്തില്‍ തന്നേക്കാള്‍ എത്രയോ സീനിയറായിരുന്നു. പ്രധാനമന്ത്രിയാവാന്‍ അദ്ദേഹം തന്നെയായിരുന്നു യോഗ്യനെന്നും മന്മോഹന് സിങ് പറഞ്ഞു.
പ്രധാനമന്ത്രിയാക്കാനുള്ള തീരുമാനത്തില്‍ തനിക്ക് പങ്കില്ലെന്നും തനിക്കൊന്നും ചെയ്യാന്‍ കഴിയുമായിരുന്നില്ലെന്നും പ്രണബിന് അറിയാമായിരുന്നെന്നും മന്മോഹന് പറഞ്ഞു. പ്രണബ് മുഖര്‍ജി എഴുതിയ ‘ദി കോയലിഷന്‍ ഇയേഴ്സ്’ എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിലാണ് മന്മോഹന്റെ വെളിപെടുത്തല്‍.
അദ്ദേഹം സ്വന്തം താത്പര്യ പ്രകാരം രാഷ്ട്രീയം തെരഞ്ഞെടുത്തയാളാണ്്. എന്നാല്‍ താന്‍ യാദൃശ്ചികമായി രാഷ്ട്രീയത്തില്‍ എത്തിപ്പെട്ടവനാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രണബിന്റെ മഹത്യമാണ് തങ്ങള്‍ക്കിടയില്‍ അകലം വരാതിരിക്കാന്‍ കാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രധാനമന്ത്രി സ്ഥാനം ലഭിക്കാതിരുന്നതില്‍ പ്രണബ് മുഖര്‍ജിക്ക് വിഷമം ഉണ്ടാവാനുള്ള എല്ലാ കാരണവുമുണ്ട്. എന്നാല്‍ അദ്ദേഹം എന്നെ ബഹുമാനിച്ചു. ഞങ്ങള്‍ തമ്മിലുള്ള ബന്ധം അവസാനം വരെ നിലനില്ക്കും- മന്മോഹന് പറഞ്ഞു.
പ്രധാനമന്ത്രിയായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി തന്നെ തെരഞ്ഞെടുക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്ന് പ്രണബ് മുഖര്‍ജിയുടെ പുസ്തകത്തില്‍ പറയുന്നുണ്ട്. മന്മോഹന് സിങ്ങിനെ രാഷ്ട്രപതിയും തന്നെ പ്രധാനമന്ത്രിയുമാക്കുമെന്നായിരുന്നു കരുതിയിരുന്നതെന്നും അദ്ദേഹം പറയുന്നു. 1996 മുതല്‍ 2012 വരെയുള്ള കാലഘട്ടത്തെ കുറിച്ചാണ് അദ്ദേഹം പുസ്തകത്തില്‍ പറയുന്നത്.
മന്മോഹന് സിങ്, സീതാറാം യെച്ചൂരി, രാഹുല്‍ ഗാന്ധി തുടങ്ങിയ നേതാക്കളുടെ സാന്നിധ്യത്തില്‍ വെള്ളിയാഴ്ചയാണ് പുസ്തകം പ്രകാശനം ചെയ്തത്.













