പ്രധാനമന്ത്രി വോട്ട് ചെയ്തവരെ വഞ്ചിക്കുകയാണ് : രാഹുല്‍ ഗാന്ധി


ദില്ലി: വോട്ടു ചെയ്തവരെ വഞ്ചിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ചെയ്യുന്നതെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. വ്യാപം ക്രമക്കേടിലും ലളിത് മോദി വിവാദങ്ങളിലും പ്രധാനമന്ത്രി മൗനം വെടിയണം. ജനങ്ങള്‍ക്ക് സുഷമ സ്വരാജിലല്ല വിശ്വാസം. അവര്‍ക്ക് വോട്ടു ചെയ്തത് മോദിയിലുള്ള വിശ്വാസം കാരണമാണ്. എന്നാല്‍ ഇപ്പോള്‍ മോദി മൗനം അവലംബിക്കുന്നത് ജനങ്ങളെ വഞ്ചിക്കുന്നതിന് തുല്യമാണെന്നും രാഹുല്‍ പറഞ്ഞു.


നാല്‍പതോളം പേരാണ് വ്യാപം അഴിമതിയില്‍ കൊല്ലപ്പെട്ടത്. എന്നാല്‍ ഇതേക്കുറിച്ച് പ്രധാനമന്ത്രി യാതൊന്നും പ്രതികരിച്ചില്ല. മോദി മൗനം ഉപേക്ഷിക്കണം. ലളിത് മോദിക്ക് സുഷമ സ്വരാജ് നല്‍കിയ സഹായം ക്രിമിനല്‍ കുറ്റത്തിന് തുല്യമാണ്. അവര്‍ രാജി വച്ചതിനുശേഷം ആവശ്യമെങ്കില്‍ ചര്‍ച്ചയ്ക്ക് തയാറാണെന്നും രാഹുല്‍ പറഞ്ഞു.


പാര്‍ലമെന്റിനകത്തെ പ്രതിഷേധങ്ങള്‍ക്കു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലളിത് മോദി, വ്യാപം അഴിമതി വിഷയങ്ങളില്‍ തുടര്‍ച്ചയായ മൂന്നാം ദിവസമാണ് പാര്‍ലമെന്റ് സ്തംഭിക്കുന്നത്. ലോക്‌സഭ ഇന്നത്തേക്കു പിരിഞ്ഞു. രാജ്യസഭയിലും ശക്തമായ പ്രതിഷേധങ്ങളാണ് അരങ്ങേറുന്നത്. എന്നാല്‍ പ്രതിപക്ഷത്തിന്റെ രാജി ആവശ്യം അംഗീകരിക്കില്ലെന്ന നിലപാടിലാണ് കേന്ദ്രസര്‍ക്കാര്‍.



Sharing is Caring