പ്രതിരോധമേഖലയില്‍ ഏറ്റവും അധികം തുക ചിലവഴിച്ച രാജ്യങ്ങളില്‍ ഇന്ത്യ മൂന്നാമത്

ആഗോളതലത്തില്‍ ആയുധം വാങ്ങുന്നതിനായി പ്രതിരോധ ബജറ്റ് കുത്തനെ ഉയര്‍ത്തുന്ന രാജ്യങ്ങളില്‍ ഇന്ത്യയ്ക്ക് മൂന്നാം സ്ഥാനം. 2007നും 2016 നും ഇടയിലുള്ള 9വര്‍ഷക്കാലത്തെ രാജ്യങ്ങളുടെ പ്രതിരോധ ബജറ്റിലെ വര്‍ധനവ് പരിശോധിച്ച്‌ ജര്‍മനി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിപണി ഗവേഷണ സ്ഥാപനമാണ് വിവരങ്ങള്‍ പുറത്തുവിട്ടത്.

2007 മുതല്‍ 20016 വരെയുള്ള കണക്ക് പരിശോധിച്ചാല്‍ ഒന്നാം സ്ഥാനം ഇന്ത്യയുടെ അയല്‍ക്കാരായ ചൈനയ്ക്കാണ്. ഒമ്ബത് വര്‍ഷം കൊണ്ട് 118 ശതമാനം വര്‍ധനവാണ് ചൈന പ്രതിരോധ ആവശ്യങ്ങള്‍ക്കായി പണം നീക്കിവെക്കുന്നതില്‍ വന്നിട്ടുള്ളത്. രണ്ടാം സ്ഥാനം റഷ്യയ്ക്കാണ്. 87 ശതമാനമാണ് റഷ്യയുടെ പ്രതിരോധ ബജറ്റില്‍ ഉണ്ടായിട്ടുള്ളത്. മൂന്നാം സ്ഥാനത്തുള്ള ഇന്ത്യയുടെ പ്രതിരോധ ബജറ്റില്‍ 54 ശതമാനം വര്‍ധനവാണ് വന്നിട്ടുള്ളത്.

10 സുപ്രധാന ലോക ശക്തികളെ മാത്രമെ പട്ടിയില്‍ പെടുത്തിയിട്ടുള്ളു. പട്ടികയില്‍ ഏറ്റവും പിന്നില്‍ ബ്രിട്ടണും അമേരിക്കയുമാണ്. ഒമ്ബത് വര്‍ഷത്തിനിടെ ഇരുവരുടെയും പ്രതിരോധ ചിലവില്‍ കുറവ് രേഖപ്പെടുത്തി. ചൈന, റഷ്യ, ഇന്ത്യ തുടങ്ങിയ വന്‍ രാജ്യങ്ങള്‍ തങ്ങളുടെ പ്രതിരോധ മേഖലയില്‍ വലിയ തോതില്‍ ആധുനികവത്കരണം നടത്തിക്കൊണ്ടിരിക്കുന്നതാണ് ഈ വര്‍ധനവിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ചൈന തങ്ങളുടെ വ്യോമസേനയ്ക്കായി അഞ്ചാം തലമുറ യുദ്ധവിമാനമായ ചെങ്ദു-ജെ 20 നിര്‍മാണത്തിനായി വലിയ തുക മാറ്റിവെയ്ക്കുന്നുണ്ട്. അമേരിക്കന്‍ പോര്‍വിമാനങ്ങളായ എഫ്-22, എഫ്-35 വിമാനങ്ങളോട് മത്സരിക്കാന്‍ ശേഷിയുള്ള വിമാനമെന്നാണ് ചെങ്ദു-ജെ 20 യെ ചൈന വിശേഷിപ്പിക്കുന്നത്. കൂടാതെ ദക്ഷിണ ചൈന കടലില്‍ നടത്തിവരുന്ന നിര്‍മാണങ്ങള്‍, കരസേനയുടെ നവീകരണം ആയുധ സംഭരണം എന്നിവയും ചൈനീസ് പ്രതിരോധ ചിലവില്‍ കാര്യമായ വര്‍ധനവുണ്ടാക്കി.

റഷ്യയാകട്ടെ ശീതയുദ്ധ കാലത്തെ ആയുധങ്ങളെ പടിപടിയായി ഓഴിവാക്കിക്കൊണ്ടിരിക്കുകയാണ്. റഷ്യന്‍ വ്യോമസേനയുടെ കുന്തമുനയായ സുഖോയ് 57, പിഎകെ-എഫ്‌എ യുദ്ധവിമാനങ്ങളുടെ വികാസവും ആരംഭിച്ചിട്ടുണ്ട്. മാത്രമല്ല കരസേനയുടെ ഭാഗമായ ടി-14 ടാങ്കുകളുടെ നവീകരണവും റഷ്യയുടെ പ്രതിരോധ ചിലവില്‍ വര്‍ധനവുണ്ടാക്കി.

ആയുധങ്ങളുടെയും സൈന്യത്തിന്റെയും നവീകരണത്തില്‍ ഇന്ത്യയും വലിയ ശ്രദ്ധയാണ് കൊടുക്കുന്നത്. പുതിയ അന്തര്‍വാഹിനികള്‍, വിമാന വാഹിനികള്‍, യുദ്ധവിമാനങ്ങള്‍, പീരങ്കികള്‍ എന്നിവ ഇന്ത്യ വാങ്ങാനും നിര്‍മ്മിക്കാനും തുടങ്ങിയിട്ടുണ്ട്.

അതേസമയം ലോകത്ത് ഏറ്റവും കൂടുതല്‍ തുക പ്രതിരോധ ആവശ്യങ്ങള്‍ക്കായി നീക്കിവെയ്ക്കുന്ന രാജ്യം അമേരിക്കയാണ്. 61100 കോടി ഡോളറാണ് 2016 ല്‍ അമേരിക്ക പ്രതിരോധ ആവശ്യങ്ങള്‍ക്കായി ചിലവഴിച്ചത്. ഇക്കാര്യത്തില്‍ രണ്ടാം സ്ഥാനം ഇന്ത്യയുടെയും അമേരിക്കയുടെയും എതിരാളിയായ ചൈനയ്ക്കാണ്. 21500 കോടി ഡോളറാണ് ചൈന 2016 ല്‍ പ്രതിരോധമേഖലയ്ക്കായ് ചിലവഴിച്ചത്. മുന്നാം സ്ഥാനം റഷ്യയ്ക്കാണ്. 6920 കോടി ഡോളറാണ് റഷ്യയുടെ 2016 ലെ പ്രതിരോധ ചിലവ്.

ഇക്കാര്യത്തില്‍ ഇന്ത്യ ലോകത്ത് അഞ്ചാം സ്ഥാനത്താണ്. 5590 കോടി ഡോളറാണ് ഇന്ത്യ 2016 ല്‍ പ്രതിരോധ മേഖലയ്ക്കായി ചിലവഴിച്ചത്. 15 പ്രധാന സൈനിക ശക്തികളെയാണ് ഇക്കാര്യത്തില്‍ പരിഗണിച്ചിട്ടുള്ളത്. പട്ടികയില്‍ 15-ാം സ്ഥാനത്തുള്ളത് ഇസ്രയേലാണ്. 1800 കോടി ഡോളര്‍ മാത്രമാണ് ഇസ്രയേലിന്റെ പ്രതിരോധ ചിലവ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *