പ്രതാപന്റെ മകള്‍ എംബിബിഎസിന് ഒരു കോടി നല്‍കി

കോണ്‍ഗ്രസ് നേതാവ് ടി.എന്‍. പ്രതാപന്റെ അനധികൃത സ്വത്ത് സമ്പാദനം സംബന്ധിച്ച് അന്വേഷണമാവശ്യപ്പെട്ട് ഒരു വിഭാഗം കോണ്‍ഗ്രസുകാര്‍ രാഹുല്‍ ഗാന്ധിക്ക് കത്തയച്ചു. കണക്കില്‍പ്പെടാത്ത കോടികള്‍ സമ്പാദിച്ചെന്ന് കാണിച്ചാണ് പരാതി.

പ്രതാപന്റെ മകള്‍ ആന്‍സി കൊച്ചിയിലെ പ്രമുഖ മെഡിക്കല്‍ കോളേജില്‍ ഒരു കോടി രൂപ തലവരിപ്പണം കൊടുത്താണ് എംബിബിഎസിന് അഡ്മിഷന്‍ നേടിയതെന്നു ചൂണ്ടിക്കാണിക്കുന്നു. വിദേശ അക്കൗണ്ടില്‍ നിന്നാണ് പണം കൈമാറിയിട്ടുള്ളത്. ഇത് സംബന്ധിച്ച് അന്വേഷണം വേണം. തെരഞ്ഞെടുപ്പ് വേളകളില്‍ പ്രതാപന്‍ സമര്‍പ്പിച്ച സ്വത്ത്‌വിവര കണക്കുകള്‍ അനുസരിച്ച് അദ്ദേഹത്തിന് ഇതിനുള്ള സാമ്പത്തികശേഷിയില്ല. പുറത്തറിയപ്പെടുന്ന മറ്റ് ബിസിനസ്സുകളോ വരുമാനമാര്‍ഗ്ഗങ്ങളോ ഇല്ല. എംഎല്‍എ എന്ന നിലയിലുള്ള വരുമാനം മാത്രമാണ് ഉണ്ടായിരുന്നത്: പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു.

ബിനാമിപ്പേരുകളില്‍ ബിസിനസ് സംരംഭങ്ങളില്‍ പ്രതാപന്‍ മുതല്‍ മുടക്കിയിട്ടുള്ളതായി പരാതിയിലുണ്ട്. വിവാദമായ സ്‌നേഹതീരം പാര്‍ക്കില്‍ ആദ്യ വര്‍ഷങ്ങളില്‍ പ്രവേശനഫീസായി ഈടാക്കിയ 22,03,445 രൂപ പ്രതാപന്‍ ഇഷ്ടപ്രകാരം ചെലവഴിച്ചു. ഇതിന് കണക്കുകള്‍ സര്‍ക്കാരിന് നല്‍കിയിട്ടില്ല.

2009 ഫെബ്രുവരി ഒന്നു മുതലാണ് സ്‌നേഹതീരം പാര്‍ക്കിന്റെ നടത്തിപ്പ് ഡിഎംസി (ഡെസ്റ്റിനേഷന്‍ മാനേജ്‌മെന്റ് കൗണ്‍സില്‍) ഏറ്റെടുത്തത്. അതിന് മുമ്പ് പ്രതാപന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി നേരിട്ടാണ് പ്രവര്‍ത്തനം നടത്തിയിരുന്നത്. ഡിഎംസി ഏറ്റെടുത്ത ശേഷവും അതിന്റെ ചെയര്‍മാനായി പ്രതാപന്‍ തുടര്‍ന്നു. 2009ന് ശേഷം പിരിച്ചെടുത്ത പ്രവേശന ഫീസിന്റെ ചെലവ് കണക്കുകളും ഡിഎംസി സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടില്ല.

സമുദ്രതീരത്ത് ലാന്‍ഡ് സ്‌കേപ്പിങ്ങിനായി 13,32,476.75 രൂപ ചെലവാക്കിയത്. ഇത് അവിശ്വസനീയമാണ്. ഓപ്പണ്‍ സ്റ്റേജിന്1,69,350.46 രൂപയാണ് ചെലവ് കാണിച്ചത്. സെപ്റ്റിക് ടാങ്കിന് 1,75,312.78 രൂപ. കിറ്റ്‌കോയുടെ മേല്‍നോട്ടത്തിലാണ് നിര്‍മാണ ജോലികള്‍ നടന്നത്. സ്‌നേഹതീരം പാര്‍ക്ക് അഴിമതിയെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്നും രാഹുല്‍ ഗാന്ധിക്ക് നല്‍കിയ കത്തിലുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *