പ്രണബ് മുഖര്‍ജിയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി, ചികിത്സകളോട് പ്രതികരിച്ച്‌ തുടങ്ങിയെന്ന് മകന്‍

ന്യൂഡല്‍ഹി: മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി ചികിത്സകളോട് നേരിയ രീതിയില്‍ പ്രതികരിച്ച്‌ തുടങ്ങിയെന്ന് മകനും മുന്‍ എം.പിയുമായ അഭിജിത്ത് മുഖര്‍ജി. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയില്‍ നേരിയ പുരോഗതിയുണ്ടെന്നാണ് വിവരം. ഡല്‍ഹി ആര്‍മി റിസര്‍ച്ച്‌ ആന്‍ഡ് റഫറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അദ്ദേഹം ഇപ്പോഴും വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നത്.

പ്രണബ് മുഖര്‍ജിയുടെ സ്ഥിതി ഗുരുതരമായി തുടരുകയാണെന്നും അദ്ദേഹം കോമയിലാണെന്നും ആശുപത്രി അധികൃതര്‍ ഇന്നലെ മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കിയിരുന്നു. ഈ മാസം പത്തിനാണ് പ്രണബ് മുഖര്‍ജിയെ ഡല്‍ഹി ആര്‍മി റിസര്‍ച്ച്‌ ആന്‍ഡ് റഫറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തലച്ചോറില്‍ രക്തം കട്ട പിടിച്ചതിനെ തുടര്‍ന്ന് അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയ അദ്ദേഹത്തിന് കൊവിഡും സ്ഥിരീകരിച്ചിരുന്നു.

പ്രണബ് മുഖര്‍ജി മരിച്ചെന്ന തരത്തിലുള്ള വ്യാജ വാര്‍ത്തകള്‍ സമൂഹ മാദ്ധ്യമങ്ങളില്‍ ഇന്നലെ വ്യാപകമായി പ്രചരിച്ചിരുന്നു. പല പ്രമുഖരും അദ്ദേഹത്തിന് അനുശോചനം രേഖപ്പെടുത്തി രംഗത്ത് വന്നു. തൊട്ടുപിന്നാലെയാണ് അദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന കാര്യം മകന്‍ പുറം ലോകത്തെ അറിയിച്ചിരിക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *