ആന്‍ മേരി വധക്കേസ്; കൊലപാതകം മാസങ്ങളുടെ ആസൂത്രണത്തിന് ശേഷം, ആല്‍ബിനെ ഇന്ന് തെളിവെടുപ്പിനായി വീട്ടിലേക്ക് കൊണ്ടുപോയേക്കും

ആന്‍ മേരി (16) വധക്കേസില്‍ പ്രതിയായ സഹോദരന്‍ ആല്‍ബിനെ (22) ഇന്ന് രാവിലെ തെളിവെടുപ്പിനായി വീട്ടിലേക്ക് കൊണ്ടുപോകുമെന്ന് സൂചന. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കും. വൈദ്യ പരിശോധനയ്ക്കും, കൊവിഡ് പരിശോധനയ്ക്കും ശേഷമായിരിക്കും ഇയാളെ കോടതിയില്‍ ഹാജരാക്കുക.

കാഞ്ഞങ്ങാട് മജിസ്ട്രേറ്റ് അവധിയായതിനാല്‍ കാസര്‍കോട് കോടതിയില്‍ ഹാജരാക്കുമെെന്നാണ് സൂചന. ഇന്നലെ വൈകിട്ടാണ് ആല്‍ബിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. മാസങ്ങള്‍ നീണ്ട ആസൂത്രണത്തിന് ശേഷമാണ് കൊലപാതകം നടത്തിയത്. കുടുംബം കൂട്ട ആത്മഹത്യ ചെയ്തെന്ന് വരുത്തിതീര്‍ക്കാനായിരുന്നു പ്രതിയുടെ പദ്ധതിയെന്നാണ് പൊലീസിന്റെ കണക്കുകൂട്ടല്‍.

കൊല നടത്തിയ ശേഷം നാട് വിടാനും ആല്‍ബിന്‍ ആലോചിച്ചിരുന്നു. കുടുംബസ്വത്തായ നാലര ഏക്കര്‍ പുരയിടവും പന്നി വളര്‍ത്തല്‍ കേന്ദ്രവും സ്വന്തമാക്കലായിരുന്നു പ്രതിയുടെ ലക്ഷ്യം. തന്നിഷ്ടം പോലെ ജീവിക്കാമെന്ന ചിന്തയില്‍ മാതാപിതാക്കളെയും, സഹോദരിയെയും കൊല്ലാന്‍ ഐസ്ക്രീമില്‍ എലിവിഷം കലര്‍ത്തി നല്‍കുകയായിരുന്നു. പിതാവ് ബെന്നി (48) അപകടനില തരണം ചെയ്തു. മാതാവ് ബെസി ആരോഗ്യനില മെച്ചപ്പെട്ടതോടെ നേരത്തെ വീട്ടില്‍ തിരിച്ചെത്തിയിരുന്നു.

കൊവിഡ് പരിശോധനയില്‍ മാതാപിതാക്കളുടെ സ്രവത്തില്‍ വിഷാംശം കണ്ടതും, ആനി ബെന്നിയുടെ പോസ്റ്റുമോര്‍ട്ടത്തില്‍ എലിവിഷമാണ് മരണകാരണമെന്ന് കണ്ടെത്തിയതുമാണ് പ്രതിക്ക് കുരുക്കായത്. ആല്‍ബിന് മാത്രം അസുഖവും വന്നില്ലെന്ന് മനസിലാക്കിയതോടെ പൊലീസ് ഇയാളെ നീരിക്ഷിച്ചുവരികയായിരുന്നു.

ആന്‍ മേരിക്ക് ഈമാസം ഒന്നിനാണ് വയറുവേദന അനുഭവപ്പെട്ടത്.ആദ്യം ഹോമിയോ ഡോക്ടറെയും പിന്നീട് അലോപ്പതി ക്ളിനിക്കിലും കാണിച്ചു. മഞ്ഞപിത്തമാണെന്ന് സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് നാലിന് കണ്ണൂര്‍ ചെറുപുഴയിലെ വൈദ്യരുടെ ചികിത്സ തേടി. പിറ്റേന്ന് അവശനിലയില്‍ പരിയാരം ഗവ.മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകുമ്ബോഴാണ് മരിച്ചത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *