പോലീസ് ചെക്ക് പോസ്റ്റില്‍ ഭീകരാക്രമണം: എട്ടു മരണം

തെക്കുപടിഞ്ഞാറന്‍ ഈജിപ്തിലെ ന്യൂ വാലി ഗവര്‍ണൊറേറ്റിലെ അല്‍ നഖ്ബിലെ സുരക്ഷാ ചെക്ക്‌പോയിന്റിലുണ്ടായ ഭീകരാക്രമണത്തില്‍ എട്ടു പോലീസുകാര്‍ കൊല്ലപ്പെട്ടു. നിരവധി പോലീസുകാര്‍ക്ക് പരിക്കേറ്റു.

ഖര്‍ഗ സിറ്റിയില്‍ നിന്നും 70 കിലോമീറ്റര്‍ അകലെ പടിഞ്ഞാറന്‍ മരുഭൂമിയിലെ ന്യൂ വാലി ചെക്‌പോയിന്റിലാണ് അക്രമണം നടന്നത്. അതേസമയം ഏറ്റുമുട്ടലില്‍ രണ്ടു ഭീകരരെ കൊലപ്പെടുത്തിയെന്ന് ആഭ്യന്തര മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. രക്ഷപ്പെട്ട ഭീകരര്‍ക്കായി തെരച്ചില്‍ ശക്തമാക്കി. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.

ഇസ്രായേലുമായും ഗാസാ തുരുത്തുമായും അതിര്‍ത്തി പങ്കിടുന്ന ഈജിപ്തിലെ സിനായ് പ്രവിശ്യയില്‍ തീവ്രവാദികള്‍ സുരക്ഷാ സൈനികര്‍ക്ക് നേരെ ആക്രമണവും സ്‌ഫോടനങ്ങളും നടത്തുന്നത് പതിവാണ്. 2014 ജൂലൈ മുതല്‍ ഏകേദേശം 22 സൈനികര്‍ വ്യത്യസ്ത അക്രമണങ്ങളില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

2011 ജനുവരിയില്‍ ഹുസ്‌നി മുബാറക്കിന്റെ ഭരണകൂടത്തെ പ്രക്ഷോഭങ്ങളിലൂടെ താഴെയിറക്കിയതില്‍പ്പിന്നെ നിരവധി ആക്രമണങ്ങളാണ് ഈജിപ്തില്‍ നടന്നുവരുന്നത്. പോലീസിനെയും സൈന്യത്തെയും ലക്ഷ്യമിട്ടാണ് ആക്രമണങ്ങള്‍ അധികവും. തുടര്‍ന്ന് അധികാരത്തില്‍ വന്ന മുഹമ്മദ് മുര്‍സി സര്‍ക്കാരിനെ 2013ല്‍ സൈന്യം പുറത്താക്കിയതോടെ അക്രമങ്ങളുടെ തോത് വര്‍ധിക്കുകയും ചെയ്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *