ചന്ദ്രനില്‍ കാലുകുത്തിയ ബഹിരാകാശ സഞ്ചാരി ജിന്‍ സെര്‍നാന്‍ അന്തരിച്ചു

ചന്ദ്രനില്‍ കാലുകുത്തിയ അവസാന ബഹിരാകാശ സഞ്ചാരി ജിന്‍ സെര്‍നാന്‍ (82) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഇന്നലെ രാത്രിയിലാണ് അന്ത്യം. അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി നാസയാണ് ട്വിറ്ററിലൂടെ സെര്‍നാന്‍ വിടവാങ്ങിയ വിവരം ലോകത്തെ അറിയിച്ചത്.

1934 മാര്‍ച്ച് 14ന് ജനിച്ച സെര്‍നാന്റെ യഥാര്‍ത്ഥ പേര് യുജിന്‍ ആഡ്രോ സെര്‍നന്‍ എന്നാണ്. നാലുമക്കളും ഒന്‍പത് പേരക്കുട്ടികളും അടങ്ങുന്നതാണ് സെര്‍നാന്റെ കുടുംബം.സെര്‍നാന്റെ ശവസംസ്‌കാര ചടങ്ങുകള്‍ എന്നാണെന്ന് അടുത്ത ദിവസങ്ങളില്‍ അറിയിക്കുമെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു.

1972 ല്‍ ചന്ദ്രനിലേക്ക് തിരിച്ച അപ്പോളോ 17 ന്റെ കമാന്‍ഡറായിരുന്നു സെര്‍നാന്‍. ചന്ദ്രനില്‍ മനുഷ്യനെ ഇറക്കാനുള്ള അപ്പോളോ ദൗത്യങ്ങളില്‍ അവസാനത്തേതായിരുന്നു അപ്പോളോ 17.

അപ്പോളോ17 കമാന്‍ഡോ മോഡ്യൂള്‍ പൈലറ്റായ റൊണാള്‍ഡ് ഇവാന്‍സ്, ലൂണാര്‍ മോഡ്യൂള്‍ പൈലറ്റായ ഹാരിസണ്‍ സ്മിത്ത് എന്നിവരുടെ കൂടെയാണ് സെര്‍നാന്‍ ചാന്ദ്ര ദൗത്യത്തില്‍ പങ്കാളിയായത്. 1972 ഡിസംബര്‍ 11ന് ചന്ദ്രനിലെ ടോറസ് ലിട്രോവ് എന്ന സ്ഥലത്താണ് സെര്‍നാനും, ഹാരിസണ്‍ സ്മിത്തും കാലുകുത്തിയത്. ചന്ദ്രനിലെ അഗ്‌നിപര്‍വതങ്ങളെക്കുറിച്ചുള്ള പഠനമായിരുന്നു ഇവരുടെ ദൗത്യം.

അപ്പോളോ പരമ്പരയിലെ ആറു വിക്ഷേപണങ്ങളില്‍ നിന്നായി പന്ത്രണ്ട് പേര്‍ ചന്ദ്രനില്‍ ഇറങ്ങിയിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *