പോലീസുകാര്‍ പൊതുജനങ്ങളെ സര്‍ എന്നും മാഡമെന്നും വിളിക്കണം -മനുഷ്യാവകാശ കമ്മിഷന്‍

കോഴിക്കോട്: എടാ, പോടാ വിളികള്‍ കര്‍ശനമായി നിര്‍ത്തി പൊതുജനങ്ങളെ സാര്‍ എന്നും മാഡം എന്നും പോലീസുകാര്‍ വിളിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍ ആക്ടിങ് ചെയര്‍മാന്‍ പി. മോഹനദാസ്.

കോഴിക്കോട്ട് മനുഷ്യാവകാശ സിറ്റിങ്ങിനിടെ സന്നദ്ധ പ്രവര്‍ത്തകനായ ജി. അനൂപ് ഉന്നയിച്ച ആവശ്യം പരിഗണിച്ചാണ് കമ്മിഷന്‍ ഇത്തരമൊരു നിര്‍ദേശം മുന്നോട്ടുവെച്ചത്. രേഖാമൂലം ഈ നിര്‍ദേശം സംസ്ഥാന പോലീസ് മേധാവിക്ക് നല്‍കുമെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു.

നിലവില്‍ പോലീസുകാരുടെ പെരുമാറ്റത്തെക്കുറിച്ച്‌ എല്ലാ ജില്ലകളില്‍നിന്നും പരാതി ലഭിക്കുന്നുണ്ട്. ജനമൈത്രി പോലീസെന്ന് പേരേയുള്ളൂ. പലരുടെയും പെരുമാറ്റം ജനകീയമല്ല. സര്‍, മാഡം എന്ന് അഭിസംബോധന ചെയ്യുന്നതിലൂടെ ഒന്നും ആര്‍ക്കും നഷ്ടപ്പെടില്ല. നിയമവും നടപടിയും കര്‍ശനമാക്കാന്‍ ഇത് തടസ്സമല്ലെന്ന് വിദേശരാജ്യങ്ങള്‍ തെളിയിച്ചതാണ്.
പരാതി പറയാന്‍ എത്തുന്നവരെ പിന്നീട് എന്തെങ്കിലും കേസില്‍ ഉള്‍പ്പെടുത്തി വലയ്ക്കുന്ന പതിവും ഇവിടെയുണ്ട്. ഇതിനെതിരേ സമാന്തരമായ ഒരു അന്വേഷണം ആവശ്യമാണ്. മനുഷ്യാവകാശ കമ്മിഷനുവേണ്ടി അന്വേഷണം നടത്തുന്നതും ഇതേ പോലീസ് തന്നെയായതുകൊണ്ട് ഒരു സ്വതന്ത്ര ഏജന്‍സിയെ ലഭിക്കണമെന്ന് കമ്മിഷന്‍ ദേശീയതലത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കാട്ടാനശല്യംമൂലം കര്‍ഷകര്‍ മരിക്കുകയും പരിക്കേല്‍ക്കുകയും ചെയ്യുന്ന സംഭവത്തില്‍ പൊതുപ്രവര്‍ത്തകനായ രവി ഉള്ള്യേരിയുടെ പരാതിയില്‍ കേസെടുത്തിട്ടുണ്ട്. ഇതില്‍ വനംവകുപ്പ് സെക്രട്ടറി, കോഴിക്കോട് ഡി.എഫ്.ഒ., വനം റേഞ്ച് ഓഫീസര്‍, പാന്റേഷന്‍ കോര്‍പ്പറേഷന്‍ എം.ഡി., മാനേജര്‍ എന്നിവര്‍ക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. കോണ്‍ക്രീറ്റ് തൂണുകളും റെയിലും ഉപയോഗിച്ച്‌ വേലികെട്ടുകയാണ് ഇതിന് പരിഹാരം -അദ്ദേഹം പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *