ജാമ്യഹര്‍ജിയില്‍ വാദം ഇന്നും തുടരും; കേസ് കെട്ടിച്ചമച്ചതെന്ന് ദിലീപ്


കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് ഹൈക്കോടതിയില്‍ നല്‍കിയ ജാമ്യഹര്‍ജിയില്‍ വാദം ബുധനാഴ്ചയും തുടരും. തന്റെ പേരിലെ കേസ് പോലീസ് കെട്ടിച്ചമച്ചതാണെന്ന് ദിലീപിന്റെ വാദം.


കേസിലെ ഒന്നാംപ്രതി പള്‍സര്‍ സുനി ജയിലില്‍ നിന്നെഴുതിയെന്നുപറയുന്ന കത്ത് മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയുടെ ഭാഗമാണെന്നാണ് ദിലീപിന്റെ അഭിഭാഷകന്‍ ബോധിപ്പിച്ചത്. മാധ്യമങ്ങള്‍ ദിലീപിനെ വേട്ടയാടുകയാണ്.


ഒരേ ടവര്‍ ലൊക്കേഷനുകീഴിലുണ്ടായിരുന്നെന്ന പേരില്‍ സുനിയുമായിച്ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്നു പറയാനാവില്ല. ടവര്‍ ലൊക്കേഷന്‍ മൂന്നുകിലോമീറ്റര്‍ ചുറ്റളവുവരെയാകാം. ഹോട്ടലില്‍ ഒരുമിച്ചുണ്ടായിരുന്നെന്നത് ഗൂഢാലോചനയ്ക്കുള്ള തെളിവാകുന്നില്ല.

ദിലീപിന് സ്വന്തം കാരവനുണ്ടെന്നിരിക്കെ അതിനുള്ളിരുന്നല്ലാതെ പുറത്തുനിന്ന് ഗൂഢാലോചന നടത്തിയെന്നുപറയുന്നത് സാക്ഷികളെ ഉണ്ടാക്കാനുള്ള പോലീസിന്റെ ശ്രമമാണ്. പോലീസ് ഒമ്ബത് ഫോണുകള്‍ കണ്ടെടുത്തെങ്കിലും അവയില്‍നിന്നൊന്നും ദിലീപിന് കോള്‍ പോയതായി കണ്ടെത്താനായിട്ടില്ല.

ക്വട്ടേഷനാണെന്ന് സുനി പറഞ്ഞതായി ആക്രമിക്കപ്പെട്ട നടി ആദ്യമേ പറഞ്ഞെങ്കിലും അതേക്കുറിച്ച്‌ ആദ്യഘട്ടത്തില്‍ അന്വേഷണം നടന്നില്ല. ദിലീപിനെതിരായ ഗൂഢാലോചനയ്ക്കുപിന്നില്‍ മറ്റാരൊക്കെയോ ആണ്. ദിലീപിനെ കൈയേറ്റക്കാരനായും മറ്റും ചിത്രീകരിക്കാന്‍ ശ്രമം നടന്നു. അന്വേഷണത്തില്‍ പലതിനും തെളിവുണ്ടായിരുന്നില്ലെന്നും അഭിഭാഷകന്‍ വാദിച്ചു.

രാവിലെ ആരംഭിച്ച വാദം ഉച്ചകഴിഞ്ഞും തുടര്‍ന്നു. പിന്നീട് അടുത്തദിവസം തുടരാമെന്ന് കോടതി നിര്‍ദേശിക്കുകയായിരുന്നു. ബുധനാഴ്ച ദിലീപിന്റെ വാദം പൂര്‍ത്തിയാക്കിയ ശേഷം സര്‍ക്കാരിന്റെ വാദം നടക്കും.



Sharing is Caring