പൊലീസ് നിയമ ഭേദഗതിക്കെതിരെ പ്രതിപക്ഷം നടന്ന് പ്രതിഷേധിച്ചു

പൊലീസ് നിയമ ഭേദഗതിക്കെതിരെ പ്രതിപക്ഷ നേതാക്കൾ നടന്ന് പ്രതിഷേധിച്ചു. പാളയം രക്തസാക്ഷി മണ്ഡപം മുതൽ സെക്രട്ടേറിയറ്റ് വരെയായിരുന്നു പ്രതിഷേധം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്‍ എന്നിവര്‍ സമരത്തിന് നേതൃത്വം നല്‍കി. കോവിഡ് പ്രോട്ടോകോള്‍ പാലിച്ചായിരുന്നു പ്രതിഷേധം.

സംസ്ഥാന ചരിത്രത്തിൽ പാടില്ലാത്ത നിയമമാണ് പുതിയ പൊലീസ് ആക്ടെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഓർഡിനൻസ് ഏകാധിപത്യപരമാണ്. ഏകപക്ഷീയമായി ഓർഡിനൻസ് തയ്യാറാക്കി ഗവർണർക്ക് കൊടുത്തു. അഭിപ്രായ സ്വാതന്ത്ര്യം നിഷേധിക്കുകയാണ്. പിണറായി വിജയനെതിരെ പോസ്റ്റ് ഇട്ടതിന്‍റെ പേരിൽ 160ൽ അധികം ജീവനക്കാരെ സസ്പെന്‍റ് ചെയ്തു. സിപിഐയുടെ എതിർപ്പിനെ ആരും ഗൗരവമായി കാണുന്നില്ല.

മുഖ്യമന്ത്രിയേയും സർക്കാരിനെയും ആരും വിമർശിക്കാൻ പാടില്ല. ഈ നാട് എങ്ങോട്ട് പോകുന്നു. നിയമം പിൻവലിച്ച് ജനങ്ങളോട് മാപ്പ് പറയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

സൈബർ ആക്രമണങ്ങൾ തടയാൻ ലക്ഷ്യമിട്ടുള്ള പൊലീസ് ആക്ടിലെ പുതിയ നിയമം എല്ലാ മാധ്യമങ്ങള്‍ക്കും ബാധകമായതോടെയാണ് എതിര്‍പ്പ് ഉയര്‍ന്നത്. നിയമ ഭേദഗതി സംബന്ധിച്ച വിജ്ഞാപനത്തില്‍ സൈബര്‍ മാധ്യമം എന്ന് പ്രത്യേക പരാമര്‍ശമില്ല. പൊലീസ് ആക്ടില്‍ 118 (എ) വകുപ്പ് കൂട്ടിച്ചേര്‍ത്താണ് സര്‍ക്കാര്‍ വിജ്ഞാപനമിറങ്ങിയത്.

വ്യക്തികളെയോ ഒരു വിഭാഗം ആളുകളെയോ ഭീഷണിപ്പെടുത്തുന്നതോ അധിക്ഷേപിക്കുന്നതോ അപമാനകരമായതോ അപകീര്‍ത്തികരമായതോ ആയ കാര്യങ്ങള്‍ നിര്‍മിക്കുന്നതും പ്രകടിപ്പിക്കുന്നതും പ്രചരിപ്പിക്കുന്നതും പ്രസിദ്ധീകരിക്കുന്നതും കുറ്റകാരമായിരിക്കും. കുറ്റം തെളിഞ്ഞാല്‍ മൂന്ന് വര്‍ഷം തടവോ 1000 രൂപ പിഴയോ ഇവ ഒരുമിച്ചോ നേരിടേണ്ടിവരും. എന്നാല്‍ വിജ്ഞാപനത്തില്‍ സൈബര്‍ മാധ്യമം എന്ന് പ്രത്യേക പരാമര്‍ശമില്ലാത്തതിനാല്‍ നിയമം മാധ്യമ സ്വാതന്ത്ര്യത്തിനെതിരാണെന്ന വിമര്‍ശനം ശക്തമാണ്. അപകീര്‍ത്തികരമെന്ന് പൊലീസിന് ബോധ്യപ്പെട്ടാല്‍ ഉടന്‍ തന്നെ സ്വമേധയാ കേസെടുക്കാനും അറസ്റ്റ് ചെയ്യാനുമടക്കം നിയമത്തില്‍ വ്യവസ്ഥയുണ്ട്. പല കോണുകളില്‍ നിന്നായി എതിര്‍പ്പ് ഉയര്‍ന്ന സാഹചര്യത്തിലാണ് ഭേദഗതി തിരുത്തുന്ന കാര്യം സര്‍ക്കാര്‍ ആലോചിക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *