പൊലീസ് നിയമ ഭേദഗതി നടപ്പിലാക്കില്ല; നിയമ സഭയില്‍ ചര്‍ച്ച ചെയ്യുമെന്ന് മുഖ്യമന്ത്രി

പൊലീസ് നിയമ ഭേദഗതി നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭേദഗതി സംബന്ധിച്ച് നിയമസഭയില്‍ വിശദമായി ചര്‍ച്ച നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇടതുപക്ഷത്തെ അനുകൂലിക്കുന്നവര്‍ വരെ രൂക്ഷമായ വിമര്‍ശനം ഉയര്‍ത്തിയതിന് പിന്നാലെയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

പൊലീസ് നിയമ ഭേദഗതി പുനപരിശോധിക്കുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഇന്ന് രാവിലെ വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് സംസ്ഥാനത്ത് സിപിഎം അവൈലബിള്‍ സെക്രട്ടേറിയറ്റ് യോഗം ചേർന്നു. മുഖ്യമന്ത്രി യോഗത്തില്‍ പങ്കെടുത്തു. പിന്നാലെയാണ് പൊലീസ് ഭേദഗതി നിലവില്‍ നടപ്പാക്കേണ്ടതെന്ന് തീരുമാനിച്ചത്.

പൊലീസ് ആക്ടില്‍ 118 (എ) വകുപ്പ് കൂട്ടിച്ചേര്‍ത്താണ് ഇന്നലെ സര്‍ക്കാര്‍ വിജ്ഞാപനമിറങ്ങിയത്. വ്യക്തികളെയോ ഒരു വിഭാഗം ആളുകളെയോ ഭീഷണിപ്പെടുത്തുന്നതോ അധിക്ഷേപിക്കുന്നതോ അപമാനകരമായതോ അപകീര്‍ത്തികരമായതോ ആയ കാര്യങ്ങള്‍ നിര്‍മിക്കുന്നതും പ്രകടിപ്പിക്കുന്നതും പ്രചരിപ്പിക്കുന്നതും പ്രസിദ്ധീകരിക്കുന്നതും പൊലീസ് നിയമ ഭേദഗതി പ്രകാരം കുറ്റകരമാണ്. കുറ്റം തെളിഞ്ഞാല്‍ മൂന്ന് വര്‍ഷം തടവോ 1000 രൂപ പിഴയോ ഇവ ഒരുമിച്ചോ നേരിടേണ്ടിവരും. എന്നാല്‍ വിജ്ഞാപനത്തില്‍ സൈബര്‍ മാധ്യമം എന്ന് പ്രത്യേക പരാമര്‍ശമില്ലാത്തതിനാല്‍ നിയമം മാധ്യമ സ്വാതന്ത്ര്യത്തിനെതിരാണെന്ന വിമര്‍ശനം ശക്തമായി. അപകീര്‍ത്തികരമെന്ന് പൊലീസിന് ബോധ്യപ്പെട്ടാല്‍ ഉടന്‍ തന്നെ സ്വമേധയാ കേസെടുക്കാനും അറസ്റ്റ് ചെയ്യാനുമടക്കം നിയമത്തില്‍ വ്യവസ്ഥയുണ്ടായിരുന്നു. പല കോണുകളില്‍ നിന്നായി എതിര്‍പ്പ് ഉയര്‍ന്ന സാഹചര്യത്തിലാണ് ഭേദഗതി നടപ്പിലാക്കേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിച്ചത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *