പൊലീസ് അകാരണമായി മര്‍ദ്ദിച്ചെന്ന് പാനൂരിലെ ലീഗ് പ്രവര്‍ത്തകന്‍; ഫൈസലിനെ കോടതിയില്‍ ഹാജരാക്കിയത് രക്തം പുരണ്ട വസ്ത്രത്തില്‍

പൊലീസ് അകാരണമായി മര്‍ദ്ദിച്ചെന്ന് പാനൂരിലെ ലീഗ് പ്രവര്‍ത്തകന്‍ ഫൈസല്‍ കല്ലിക്കണ്ടി. കോടതിയില്‍ എത്തിച്ചപ്പോഴായിരുന്നു ഫൈസലിന്‍റെ പ്രതികരണം. തലശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ഫൈസലിനെ ഹാജരാക്കിയത്. രക്തം പുരണ്ട വസ്ത്രങ്ങള്‍ ധരിച്ചാണ് ഫൈസലിനെ പൊലീസ് കോടതിയില്‍ ഹാജരാക്കിയത്.

പൊലീസുകാരന്‍ കയ്യിലെ മോതിരം കൊണ്ടാണ് ഫൈസലിന്‍റെ തലക്ക് മര്‍ദ്ദിച്ചതെന്ന് സഹോദരന്‍ പറഞ്ഞു. മര്‍ദ്ദനത്തില്‍ തലയ്ക്ക് മുറിവേറ്റിട്ടുണ്ട്. മുറിവ് ഡ്രസ് ചെയ്ത് മൂന്ന് സ്റ്റിച്ചിട്ടിട്ടുണ്ട്. വിദേശത്തേക്ക് പോകാനായി എയര്‍പോര്‍ട്ടിലേക്കുള്ള യാത്രയ്ക്കിടെയാണ് പൊലീസ് ഫൈസലിനെ അറസ്റ്റ് ചെയ്തതെന്നും സഹോദരന്‍ പറയുന്നു. ഫൈസലിന് പ്രാഥമിക ശ്രൂശ്രൂഷ പോലും നല്‍കിയില്ലെന്നും മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ടപ്പോഴാണ് ചികിത്സ നല്‍കാന്‍ പൊലീസ് തയ്യാറായതെന്നും ബന്ധുക്കള്‍ ആരോപിച്ചു. വോട്ട് ചെയ്യാനായി രണ്ട് ദിവസത്തെ ലീവിനാണ് ഫൈസല്‍ നാട്ടിലെത്തിയത്. ഇന്നലെ രാത്രി തിരിച്ചുപോകാനിരിക്കെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തതും മര്‍ദ്ദിച്ചതും.

പാനൂരിലെ ലീഗ് പ്രവര്‍ത്തകന്‍റെ കൊലപാതകത്തിന് ശേഷം പ്രദേശത്ത് ഇന്നലെ നടന്ന അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് 21 ഓളം ലീഗ് പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട് എന്നാണ് ലീഗ് നേതൃത്വം പറയുന്നത്. ഇന്ന് രാവിലെ നടന്ന സര്‍വകക്ഷിയോഗത്തിലും അവര്‍ ഇക്കാര്യം പറഞ്ഞിരുന്നു. അതില്‍ പല ആളുകളെയും പൊലീസ് ക്രൂരമായി മര്‍ദ്ദിക്കുകയും അവരുടെ വാഹനങ്ങള്‍ അടിച്ചുതകര്‍ക്കുകയും ചെയ്തുവെന്നും ആരോപണമുണ്ട്.

അതിന് പിന്നാലെ ഇപ്പോള്‍ ചൊക്ലി, പൊലീസ് സ്റ്റേഷന് പിന്നില്‍ യൂത്ത് ലീഗ്, എംഎസ്എഫ് പ്രവര്‍ത്തകര്‍ ഉപരോധിക്കുകയാണ്. ഇന്ന് എസ്എസ്എല്‍സി പരീക്ഷ എഴുതേണ്ട ഒരു വിദ്യാര്‍ത്ഥിയെ അടക്കം പൊലീസ് തടഞ്ഞുവെച്ചിട്ടുണ്ടെന്നും അവരെ ക്രൂരമായി മര്‍ദ്ദിക്കുകയാണെന്നും ലീഗ് പ്രവര്‍ത്തകര്‍ പറയുന്നു. കസ്റ്റഡിയിലെടുത്തവര്‍ക്ക് നിയമപരമായി ലഭിക്കേണ്ട പരിരക്ഷയും ലഭിച്ചിട്ടില്ലെന്ന ആരോപണവും ഉയരുന്നുണ്ട്. പരിക്കേറ്റ ആളുകളെ ആശുപത്രിയിലേക്ക് മാറ്റണം, നിരപരാധികളെ വിട്ടയക്കണമെന്നും ആവശ്യപ്പെട്ടാണ് പൊലീസ് സ്റ്റേഷന്‍ ഉപരോധിക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *