പൊയ്മുഖം അഴിഞ്ഞു വീഴുമ്പോഴും നുണകൾ പറയുന്നു; മുഖ്യമന്ത്രിക്കെതിരെ വീണ്ടും കൊല്ലം രൂപത

ആഴക്കടൽ മത്സ്യ ബന്ധന വിവാദത്തിൽ മുഖ്യമന്ത്രിക്കെതിരെ വീണ്ടും കൊല്ലം രൂപത. പൊയ്മുഖം അഴിഞ്ഞു വീഴുമ്പോഴും മുഖ്യമന്ത്രി വീണ്ടും വീണ്ടും നുണകൾ പറയുന്നു. മുഖ്യമന്ത്രിയുടെയും മേഴ്സിക്കുട്ടിയമ്മയുടെയും നിലപാട് ജനാധിപത്യത്തിന്‍റെ മുഖത്ത് കാർക്കിച്ച് തുപ്പുന്നതാണെന്നും ഇരുവരും മാപ്പു പറയണമെന്നും കൊല്ലം രൂപത അൽമായ കമ്മീഷൻ ആവശ്യപ്പെട്ടു.

സംസ്ഥാന സർക്കാരിനെതിരെ ഇടയലേഖനം ഇറക്കിയത് ലത്തീൻ സഭയുടെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യപ്പെടുമെന്ന മുഖ്യമന്ത്രിയുടെ പരാമർശത്തിനാണ് അൽമായ കമ്മീഷന്‍റെ മറുപടി. ഇടയ ലേഖനം പൊതു സമൂഹത്തിൽ ഉണ്ടായ ചലനത്തിൽ ഭയപ്പെടുകയാണ് മുഖ്യമന്ത്രിയും മേഴ്സികുട്ടിയമ്മയുമെന്നാണ് അൽമായ കമ്മീഷന്‍റെ പ്രസ്താവനയിൽ പറയുന്നത്. ഇരുവരും ബിഷപ്പിനെതിരെ അപക്വവും അടിസ്ഥാന രഹിതവുമായ പ്രതികരണമാണ് നടത്തിയിട്ടുള്ളത്. നുണകൾ പറഞ്ഞ് രക്ഷപ്പെടാനുള്ള ഇരുവരുടെയും ശ്രമം ജനാധിപത്യത്തിനോടുള്ള വെല്ലുവിളിയും സത്യപ്രതിജ്ഞ ലംഘനവുമാണെന്ന് അൽമായ കമ്മീഷൻ വ്യക്തമാക്കുന്നു.

അൽപ്പമെങ്കിലും സാമൂഹിക പ്രതിബദ്ധതയുണ്ടെങ്കിൽ ഇരുവരും ചെയ്ത തെറ്റുകൾ തിരുത്തി പൊതു സമൂഹത്തോട് മാപ്പു പറയണമെന്നും അൽമായ കമ്മീഷൻ ആവശ്യപ്പെടുന്നു. കഴിഞ്ഞ ഞായറാഴ്ച്ച ലത്തീൻ പള്ളികളിൽ വായിച്ച ഇടയലേഖനത്തിലൂടെ രൂപത തരം താഴ്ന്ന രാഷ്ട്രീയം കളിക്കുകയാണെന്നും യു.ഡി.എഫ് പ്രചരണമാണ് സഭ ഏറ്റെടുത്തിരിക്കുന്നതുമെന്നായിരുന്നു മേഴ്സി കുട്ടിയമ്മയുടെ പ്രതികരണം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *