പെൺകുട്ടി പിടിയിലായത് ബസ് ബുക്ക് ചെയ്യുന്പോൾ; രണ്ടു യുവാക്കളെ ചോദ്യം ചെയ്യുന്നു

കോഴിക്കോട്: കോഴിക്കോട് വെള്ളിമാട്കുന്ന് ബാലമന്ദിരത്തില്‍നിന്നു ചാടിപ്പോയ ആറ് പെണ്‍കുട്ടികള്‍ ബംഗളുരുവിലെത്തിയതു ട്രെയിനില്‍. രണ്ടു ട്രെയിനുകളില്‍ മാറികയറിയാണ് ഇവര്‍ എത്തിയത്. കോഴിക്കോട്ടുനിന്നു ഷൊര്‍ണൂരിലേക്കും അവിടെനിന്നു ബംഗളുരുവിലേക്കും എത്തിയതായാണ് പോലീസ് നല്‍കുന്ന വിവരം.

ട്രെയിനില്‍വച്ചാണ് കുട്ടികള്‍ രണ്ടു യുവാക്കളെ പരിചയപ്പെട്ടത്. ഇവര്‍ വേഗത്തില്‍ സൗഹൃദത്തിലായി. പെണ്‍കുട്ടികളുടെ കൈവശം ഫോണ്‍ ഉണ്ടായിരുന്നില്ല. യുവാക്കളുടെ മൊബൈല്‍ ഫോണിലാണ് ബംഗളുരുവിലുള്ളവരുമായി ബന്ധപ്പെട്ടത്. പെണ്‍കുട്ടികള്‍ പ്രയപൂര്‍ത്തിയാവാത്തവരാണെന്നു യുവാക്കള്‍ അറിഞ്ഞിരുന്നില്ല.

അവിടെ പ്രദേശവാസികളുടെ പിന്തുണ ഉണ്ടായിരുന്നതായി സംശയമുണ്ട്.ബംഗളുരു ടൗണില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെ കെആര്‍ പുരം സ്റ്റേഷനിലാണ് ഇവര്‍ ഇറങ്ങിയത്. നഗരത്തിലെ സ്റ്റേഷനില്‍ ഇറങ്ങിയാല്‍ പിടിക്കപ്പെടാന്‍ സാധ്യതയുള്ളതിനാലാണ് ഉള്‍നാടന്‍ പ്രദേശം തെരഞ്ഞെടുത്തത്.

അവിടെനിന്നു ബസില്‍ കയറി ഐടി ഹബ്ബായ കാട്ടുകുടിയിലേക്കും അവിടെനിന്ന് എച്ച്എസ്ആര്‍ ലേ ഔട്ടിലേക്കും പോയി. അവിടെയെല്ലാം മുറി അന്വേഷിച്ചുവെങ്കിലും കിട്ടിയില്ല. അതിനാലാണ് മലയാളികള്‍ ഏറ്റവും കൂടുതലുള്ള മടിവാളയില്‍ എത്തിയത്. അവിടെ സര്‍വീസ് അപ്പാര്‍ട്ട്‌മെന്‍റില്‍ മുറിയെടുക്കാനിരിക്കെയാണ് പിടിയിലായത്.

ഒരു പെണ്‍കുട്ടി അവശയായതിനാല്‍ ഓടി രക്ഷപ്പെട്ടില്ല. മറ്റ് അഞ്ചുപേരും രക്ഷപ്പെടുകയായിരുന്നു. രക്ഷപ്പെട്ട പെണ്‍കുട്ടികളിലൊരാള്‍ പിന്നീട് ഒരു ബൈക്കില്‍ അവിടേക്കു വന്നതായും ജനക്കൂട്ടത്തെ കണ്ടപ്പോള്‍ രക്ഷപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. പെണ്‍കുട്ടികള്‍ യുവാക്കളുടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു വിളിച്ചവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. മെബൈല്‍ ഫോണ്‍ പോലീസ് കസ്റ്റഡിയിലാണുള്ളത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *