പെട്രോള്‍ ലഭിക്കാന്‍ ഇരുചക്ര വാഹനം ഓടിക്കുന്നവര്‍ ഹെല്‍മെറ്റ് ധരിച്ചിരിക്കണമെന്ന ഉത്തരവ് ടോമിന്‍ ജെ. തച്ചങ്കരി തിരുത്തി


ഓഗസ്റ്റ് ഒന്നു മുതല്‍ ഹെല്‍മറ്റ് ധരിക്കാത്തവര്‍ക്ക് പെട്രോള്‍ നല്‍കില്ലെന്ന ഉത്തരവ് ഗതാഗത കമ്മിഷണര്‍ തിരുത്തി. ഉത്തരവ് തിങ്കളാഴ്ച മുതല്‍ കര്‍ശനമാക്കില്ലെന്ന് ഗതാഗത കമ്മിഷണര്‍ ടോമിന്‍ ജെ. തച്ചങ്കരി അറിയിച്ചു. പകരം യാത്രക്കാര്‍ക്ക് ബോധവല്‍ക്കരണവും ലഘുലേഖ വിതരണവും നടത്തും.ഹെല്‍മെറ്റ് ധരിക്കാതെ ഇരുചക്രവാഹനങ്ങളില്‍ എത്തുന്നവര്‍ക്ക് പമ്പുകളില്‍ നിന്ന് ഇന്ധനം നല്‍കരുതെന്നായിരുന്നു ഗതാഗത വകുപ്പ് കമ്മീഷണര്‍ ടോമിന്‍ തച്ചങ്കരി നേരത്തെ ഇറക്കിയ ഉത്തരവ്. ഈ ഉത്തരവിലാണ് കമ്മീഷണര്‍ തന്നെ തിരുത്ത് വരുത്തിയത്. റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസുകളില്‍ പുതുതായി ലഭിച്ച ഉത്തരവ് പ്രകാരം പെട്രോള്‍ നല്‍കരുത് എന്ന നിര്‍ദേശം ഇല്ല. പകരം പെട്രോള്‍ പമ്പുകള്‍ കേന്ദ്രീകരിച്ച് ഹെല്‍മെറ്റ് ധരിക്കാതെ എത്തുന്നവരെ ഓഗസ്റ്റ് ഒന്ന് മുതല്‍ ഉപദേശിക്കാനാണ് തച്ചങ്കരിയുടെ നിര്‍ദേശം. ഇതിനായി ഉദ്യോഗസ്ഥരെ വിന്യസിക്കണം. ലഘുലേഖകള്‍ വിതരണം ചെയ്യണം. ഇങ്ങനെ ഹെല്‍മെറ്റ് ധരിക്കുന്നത് പ്രോത്സാഹിപ്പിക്കണമെന്നുമാണ് നിര്‍ദേശം. ഇതെല്ലാം ചെയ്തിട്ടും ഹെല്‍മെറ്റ് ധരിക്കാത്തവര്‍ക്ക് എതിരെ മോട്ടോര്‍ വാഹന നിയമ പ്രകാരം നിയമപടി സ്വീകരിക്കണം.തിങ്കളാഴ്ച മുതല്‍ ഹെല്‍മറ്റ് ധരിക്കാത്തവര്‍ക്ക് പെട്രോള്‍ നല്‍കില്ലെന്ന ഉത്തരവ് ആദ്യഘട്ടമായി കോഴിക്കോട്, തിരുവനന്തപുരം,കൊച്ചി തുടങ്ങിയ നഗരങ്ങളില്‍ നടപ്പാക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. ഉത്തരവിനെ അനുകൂലിച്ചും എതിര്‍ത്തും നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ഉത്തരവ് പരിശോധിക്കുമെന്നും ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തില്‍ ഒന്നും നടപ്പാക്കില്ലെന്നും ഗതാഗത മന്ത്രിയും അറിയിച്ചിരുന്നു.




Sharing is Caring