തിരുവനന്തപുരം പൂജപ്പുരയില്‍ എസ് ഐക്ക് കുത്തേറ്റു. കഞ്ചാവ് കേസിലെ പ്രതിയാണ് ആക്രമിച്ചത്. പൂജപ്പുര എസ്‌ഐ സുധീഷിനാണ് കുത്തേറ്റത്.കുത്തിയ ശേഷം പ്രതി ഓടി രക്ഷപ്പെട്ടെന്ന് പൊലീസ് പറഞ്ഞു.
എസ് ഐയുടെ കൈയിലാണ് പരുക്കേറ്റത്.ശ്രീജിത്ത് ഉണ്ണി എന്നയാളാണ് ആക്രമിച്ചത്.ഇന്നലെ രാത്രി പട്രോളിങ്ങിനിടെയാണ് സംഭവം. വയറിലേക്ക് കുത്തിയെങ്കിലും പൊലീസ് ഉദ്യോഗസ്ഥന്‍ അത് കൈ ഉപയോഗിച്ച് തടുക്കുകയായിരുന്നു. കല്ലറമടം ക്ഷേത്രത്തിന് സമീപം മദ്യപിച്ച് ചിലര്‍ ബഹളം വെക്കുന്നുവെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പൊലീസ് എത്തിയത്.

കഞ്ചാവ് ഉള്‍പ്പടെയുള്ള ലഹരി വസ്തുക്കള്‍ കണ്ടെടുക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് പ്രതി പൊലീസിന് നേരെ അക്രമണം നടത്തിയത്. അരയില്‍ കരുതിയിരുന്ന കത്തിയെടുത്ത് വീശുകയായിരുന്നു. ഇയാള്‍ കാപ്പ കേസ് പ്രതിയാണ്. മൂന്ന് ദിവസം മുന്‍പാണ് ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്. കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയാണ് ആക്രമിച്ചത് എന്നാണ് എഫ്‌ഐആര്‍.













