പുറ്റിങ്ങല്‍ അപകടം:നളിനി നെറ്റോയ്ക്കും ഉത്തരവാദിത്തമെന്ന് സെന്‍കുമാര്‍


പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടത്തിന് താന്‍ ഉത്തരവാദിയാണെങ്കില്‍ അന്നത്തെ ആഭ്യന്തര സെക്രട്ടറിയായിരുന്ന നളിനി നെറ്റോയ്ക്കും ഉത്തരവാദിത്തമുണ്ടെന്ന് ടി.പി സെന്‍കുമാര്‍.


തനിക്കെതിരെ സര്‍ക്കാര്‍, സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കുമ്പോഴാണ്് സെന്‍കുമാര്‍ ആരോപണം ഉന്നയിച്ചത്. തന്നെ സ്ഥാനം മാറ്റിയ സര്‍ക്കാര്‍ നളിനി നെറ്റോയെ ചീഫ് സെക്രട്ടറിയായി ഉയര്‍ത്തിയെന്നും അദ്ദേഹത്തിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.


തുടര്‍ന്ന് സെന്‍കുമാറിനെ ഡി.ജി.പി സ്ഥാനത്ത് നിന്ന് മാറ്റിയതുമായി ബന്ധപ്പെട്ട് സുപ്രീം കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി. സെന്‍കുമാറിന്റെ സ്ഥാനമാറ്റത്തിന് കാരണം രാഷ്ട്രീയ വിരോധമാണെന്ന് അദ്ദേഹത്തിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്തവേ വാദിച്ചു.

പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടവുമായി ബന്ധപ്പെട്ട് അന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ് മൂലത്തില്‍ സെന്‍കുമാറിനെതിരെ യാതൊരു പരാമര്‍ശങ്ങളുമില്ലെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.

ജിഷ കേസിലെ വീഴ്ചയല്ല സ്ഥാനമാറ്റത്തിന് കാരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞതിന്റെ രേഖകളും സെന്‍കുമാര്‍ സുപ്രീം കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. ജിഷ, പുറ്റിങ്ങല്‍ കേസുകളിലെ വീഴ്ചയും കാര്യക്ഷമതയില്ലായ്മയുമാണ് സെന്‍കുമാറിനെ മാറ്റാന്‍ കാരണമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.



Sharing is Caring